ഹൈക്കോടതി വിധി നടപ്പാക്കിയില്ല; സെക്രട്ടറിയേറ്റ് പടിക്കല്‍ സമരത്തിനൊരുങ്ങി ആര്‍ടിഐ പ്രവര്‍ത്തകര്‍
കോഴിക്കോട്: ഹൈക്കോടതി വിധി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരത്തിനൊരുങ്ങി വിവരാവകാശ പ്രവര്‍ത്തകര്‍. നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറും രണ്ട് ഭാര്യമാരും ചേര്‍ന്ന് അനധികൃതമായി കൈവശം വച്ചുവരുന്ന ഏക്കര്‍ കണക്കിന് ഭൂമി ആറ് മാസത്തിനകം കണ്ടുകെട്ടണമെന്ന ഹൈക്കോടതി വിധി എട്ടുമാസം കഴിഞ്ഞും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം തുടങ്ങുന്നത്.
നിയമപ്രകാരം സാധാരണ പൗരനും കുടുംബത്തിനും കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാണ്. എന്നാല്‍ പി.വി. അന്‍വറിന്റെയും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരുടെയും പേരില്‍ മൊത്തം 207 ഏക്കര്‍ ഭൂമിയാണുള്ളത്. ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച വേളകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ താനും കുടുംബവും 207 ഏക്കര്‍ ഭൂമി കൈവശം വച്ച് അനുഭവിച്ചു പോരുന്നുണ്ടെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
എംഎല്‍എ നിയമവിരുദ്ധമായി കൈവശം വച്ച ഭൂമി കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് വിവരാവകാശ കൂട്ടായ്മ തിരഞ്ഞെടുപ്പ് കമ്മീഷന്‍, ഗവര്‍ണര്‍, നിയമസഭ സ്പീക്കര്‍, റവന്യൂ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയിയെ സമീപിച്ചത്.
അധികഭൂമി ആറു മാസത്തിനകം കണ്ടുകെട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും എട്ടു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് വിവരാവകാശ കൂട്ടായ്മ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ഷാജി, സെക്രട്ടറി മനോജ് കേദാരം എന്നിവര്‍ പറഞ്ഞു. അധികഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യണമെന്ന ആവശ്യവുമായി 10ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഭൂസമരം സംഘടിപ്പിക്കും.