അനുപമയുടെ പരാതി മുഖ്യമന്ത്രി അറിഞ്ഞിരുന്നു; പി.കെ. ശ്രീമതിയും അനുപമയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്
തിരുവനന്തപുരം: കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ദത്ത് വിവാദത്തില്‍ കുട്ടിയുടെ അമ്മ അനുപമയുടെ പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിട്ടും കൈയൊഴിഞ്ഞതായി സൂചന. മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രധാന നേതാക്കളോടെല്ലാം വിഷയം സംസാരിച്ചിരുന്നതായി പി.കെ. ശ്രീമതി അനുപമയോട് പറയുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. അച്ഛനും അമ്മയും തീരുമാനിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശ്രീമതി പറയുന്നു.
സെപ്റ്റംബര്‍ 25ന് നടന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി പ്രതികരിക്കാത്തതില്‍ വേദനയുണ്ടെന്ന് അനുപമ പറഞ്ഞു.’മുഖ്യമന്ത്രിയെ ഞാന്‍ കുറ്റപ്പെടുത്തില്ല. കാരണം അദ്ദേഹത്തിന്റെ കൈയില്‍ എന്റെ പരാതി ഡയറക്ടറായി എത്തിക്കാണില്ല. അദ്ദേഹത്തെ ഞാന്‍ കാണാന്‍ ശ്രമിച്ചിരുന്നു സാധിച്ചില്ല. ഇവരെല്ലാവരും കൂടി അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതായിരിക്കും’- അനുപമ പറഞ്ഞു. ഷിജുഖാനെതിരെയും സിഡബ്ല്യൂസി അധ്യക്ഷയ്ക്കെതിരെയും നടപടി വേണമെന്നും അനുപമ ആവര്‍ത്തിച്ചു.
പി.കെ. ശ്രീമതിയും അനുപമയും തമ്മിലുള്ള ഫോണ്‍ പുറത്തുവന്നത് ഇപ്രകാരമാണ്:
പി.കെ. ശ്രീമതി: മുഖ്യമന്ത്രിയോട് സംസാരിച്ചു. മുഖ്യമന്ത്രി പറഞ്ഞത് ആ കുട്ടിയുടെ അച്ഛനും അമ്മയുമാണ്, അവര്‍ തന്നെ ചെയ്യട്ടെ, നമുക്കതില്‍ റോളില്ലെന്നാണ്.
അനുപമ: അവര്‍ രണ്ടുപേരും പാര്‍ട്ടി മെമ്പേഴ്സല്ലേ ടീച്ചറേ, അപ്പോള്‍ അവര്‍ക്കെതിരായിട്ട് പാര്‍ട്ടിക്കൊന്നും ചെയ്യാന്‍ പറ്റില്ലേ?
പി.കെ. ശ്രീമതി: നിന്റെ അച്ഛനും അമ്മയും ആയോണ്ടാണ്. വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ ചെയ്തേനെ. ഇക്കാര്യത്തില്‍ എന്റെ ജില്ലയുമല്ല, ഞാന്‍ നിസഹായയാണ്.