CrimeKerala NewsLatest NewsLocal NewsNews
പ്രവാസികൾക്ക് മുന്നിൽ അടച്ച അതിർത്തി സ്വർണ കടത്ത് പ്രതികൾക്ക് രക്ഷപ്പെടുവാൻ തുറന്ന് നൽകിയതെന്ന് മുനീർ.

കോവിഡ് മഹാമാരി പടർന്നു പിടിക്കുമ്പോൾ നാട്ടിലേക്ക് വരാൻ ആഗ്രഹിച്ച മലയാളിക്ക് മുൻപിൽ അതിർത്തി അടച്ച മുഖ്യമന്ത്രിയാണ് ഇപ്പോൾ സ്വർണ കടത്തു കേസിലെ പ്രതികൾക്ക് രക്ഷപ്പെടുവാൻ അതിർത്തി തുറന്ന് നൽകിയതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ. തൻ്റെ ഫേസ് ബുക്ക് പേജിലൂടെയാണ് മുനീർ ഈ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ആറു ചോദ്യങ്ങൾ ഉന്നയിച്ചുള്ള ഫേസ് ബുക്ക് കുറിപ്പിനൊപ്പം ലോക്ക് ഡൗൺ കാലത്ത് അതിർത്തികൾ അടച്ച് പൂട്ടിയതിൻ്റെ ചിത്രവും മുനീർ പങ്കുവെച്ചിരിക്കുന്നു.

ഫേസ് ബുക്കിലൂടെ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ഇങ്ങനെയാണ്
- ട്രിപ്പിൾ ലോക്ക് ഡൗൺ ഉള്ള തിരുവനന്തപുരത്ത് നിന്ന് എങ്ങനെ സ്വർണക്കടത്തു കേസിലെ കുറ്റാരോപിതർ പുറത്തുപോയി?
- സംസ്ഥാനാന്തര ചെക്ക് പോസ്റ്റുകൾ എങ്ങനെ അവർക്കായി തുറക്കപ്പെട്ടു?
- കൊറോണയുടെയും ലോക്ക് ഡൗണിന്റെയും മറവിൽ സാധാരണ ജനങ്ങളെ റോഡിൽ തടയുന്ന പോലീസ് എന്തുകൊണ്ട് ഇവരെ തടഞ്ഞില്ല?
- കർണാടക അതിർത്തി കടന്ന് ബാംഗ്ലൂരിൽ എത്താൻ കർണാടകത്തിൽ ഇവർക്ക് വേണ്ടി പ്രവർത്തിച്ചത് ആര്?
- എയർ ഇന്ത്യ തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ യാതൊരു അന്വേഷണവും നാളിതുവരെ നടത്താതെ ഇന്ന് എന്തിനായിരിക്കും ക്രൈംബ്രാഞ്ച് ഐജി ഡിജിപിക്ക് കത്ത് നൽകിയത്?
- സീസറിന്റെ ഭാര്യ മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസും സംശയത്തിന് അതീതമാകാൻ ..7 ദിവസമായിട്ടും എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്?