കനത്തമഴ: തിരുവനന്തപുരത്ത് റെഡ് അലെര്‍ട്ട്
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലിലും വടക്കന്‍ തമിഴ്‌നാടിനു മുകളിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന് സമീപം പുതിയ ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. നവംബര്‍ പതിനഞ്ചോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേര്‍ന്നു തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചേക്കാം.
തെക്കന്‍ കേരളത്തില്‍ കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കന്യാകുമാരി ജില്ലയിലും തിരുവനന്തപുരത്തും ശക്തമായ മഴയാണ് ലഭിക്കുന്നത്. കന്യാകുമാരി ജില്ലയിലെ പലയിടങ്ങളിലും റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രണ്ടു ട്രെയിനുകള്‍ പൂര്‍ണമായും 10 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.
നാഗര്‍കോവിലിനു സമീപം ഇരണിയിലില്‍ റെയില്‍വേ ട്രാക്കിലേക്കു മണ്ണിടിഞ്ഞു വീണു. നെയ്യാറ്റിന്‍കരയില്‍ മരുത്തൂര്‍ പാലത്തിന്റെ പാര്‍ശ്വ ഭിത്തി തകര്‍ന്നതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. വിതുര, പൊന്‍മുടി, നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 400 സെന്റീമീറ്റര്‍ ഉയര്‍ത്തി.
കനത്ത മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവനന്തപുരം കലക്ടര്‍ നിര്‍ദേശിച്ചു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ജില്ലാതല മഴ സാധ്യത പ്രവചനപ്രകാരം വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്-യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത ഉള്ളതിനാലും മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നു അധികൃതര്‍ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകള്‍
നാഗര്‍കോവില്‍കോട്ടയം പാസഞ്ചര്‍
ചെന്നെ എഗ്മോര്‍ഗുരുവായൂര്‍ എക്‌സ്പ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
കന്യാകുമാരി ബെംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ്
ബെംഗളൂരു കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്
ചെന്നൈ എഗ്മോര്‍കൊല്ലം അനന്തപുരി എക്‌സ്പ്രസ്
കൊല്ലം ചെന്നൈ എഗ്മോര്‍ അനന്തപുരി എക്‌സ്പ്രസ്
തിരുച്ചിറപ്പള്ളി തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്
തിരുവനന്തപുരം തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്‌സ്പ്രസ്
ഗുരുവായൂര്‍ ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്
നാഗര്‍കോവില്‍മംഗലാപുരം പരശുറാം എക്‌സ്പ്രസ്
കന്യാകുമാരിഹൗറ എക്‌സ്പ്രസ്
ചെന്നൈ എഗ്മോര്‍ കന്യാകുമാരി എക്‌സ്പ്രസ്