Latest NewsNationalNewsWorld

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും. ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇന്ത്യയില്‍ എത്തുന്നത്. പ്രതിരോധം, വ്യാപാരം, ഊര്‍ജ സംരക്ഷണം, വികസനം എന്നീ വിഷയങ്ങളില്‍ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കും.

ഡിസംബര്‍ രണ്ടാം വാരത്തിലാകും പുടിന്‍ ഇന്ത്യയിലെത്തുക. എസ്-400 മിസൈല്‍ സംവിധാനം ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട പുരോഗതിയും വിലയിരുത്തും. ഇരു രാജ്യങ്ങളുമായി നിലനില്‍ക്കുന്ന പ്രത്യേക നയതന്ത്ര ബന്ധം മുന്‍നിര്‍ത്തി പ്രതിരോധ മന്ത്രിതല ചര്‍ച്ചയും ഉച്ചകോടിയുടെ ഭാഗമായി നടക്കും. പ്രതിരോധം, വാണിജ്യ സഹകരണം, ശാസ്ത്ര സാങ്കേതിക രംഗം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളിലും ഒപ്പ് വച്ചേക്കും.

പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും പരസ്പരം സൈനിക ബേസുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടി പ്രാബല്യത്തില്‍ വരാനും സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാനിലെ ജനാധിപത്യ തകര്‍ച്ചയും താലിബാന്‍ ഭരണത്തിന്റെ വരും വരായ്കകളും വിലയിരുത്തും.

അഫ്ഗാനിസ്ഥാന്‍ വിഷയം മോദിയും പുടിനും നേരത്തെ ടെലിഫോണില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇറാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയും റഷ്യയും നയിച്ച ടെലിഫോണ്‍ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button