സഞ്ജിത്തിന് നേരെ ആക്രമണം ഇതാദ്യമല്ല
പാലക്കാട്: ഭാര്യയുടെ കണ്‍മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സഞ്ജിത്തിനെതിരെയുള്ള ആക്രമണം ആദ്യമല്ല. എലപ്പുള്ളിയില്‍ ചായക്കട നടത്തുകയാണ് സഞ്ജിത്. ആര്‍എസ്എസ് മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് കൂടിയായ സഞ്ജിത്തിനെ ക്രൂരമായി വെട്ടിപ്പരുക്കേല്‍പിച്ച നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എസ്ഡിപിഐ അടിപരണ്ട മുന്‍ ബ്രാഞ്ച് പ്രസിഡന്റ് നെന്മാറ കയറാടി പീടികയില്‍ ഇഷാക്, പുതുനഗരത്തെ എസ്ഡിപിഐ സജീവപ്രവര്‍ത്തകന്‍ കാട്ടുത്തെരുവ് ഹാരിസ്, കൊല്ലങ്കോട് വെള്ളനാട് സ്വദേശി അന്‍വര്‍ സാദിഖ്, പുതുനഗരം പള്ളിത്തെരുവ് സ്വദേശി സബീര്‍ അലി എന്നിവരാണ് അറസ്റ്റിലായത്. അന്‍വര്‍ സാദിഖിനെയും സബീര്‍ അലിയെയും തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.
എലപ്പുള്ളി മേഖലയില്‍ സജിത്തും എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മില്‍ മുന്‍പ് വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് ക്രൂരമായി വെട്ടിപ്പരുക്കേല്‍പിച്ചത്. മാസങ്ങളോളം ആശുപത്രിയില്‍ കിടന്നാണ് സഞ്ജിത്ത് ആരോഗ്യം വീണ്ടെടുത്തതെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. നേരത്തെയും എസ്ഡിപിഐ ഭീഷണി നിലനിന്നിരുന്ന സഞ്ജിത്തിന്റെ ജീവനെടുത്തവരെ ഉടന്‍ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.