സാക്കിര്‍ നായിക്കിന്റെ ഐആര്‍എഫിനുള്ള വിലക്ക് നീട്ടി
ന്യൂഡല്‍ഹി: മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സംഘടനയ്ക്കുള്ള വിലക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍. സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐആര്‍എഫ്) എന്ന സംഘടനയ്ക്കാണ് അഞ്ച് വര്‍ഷത്തേക്ക് വിലക്ക് നീട്ടിയത്. രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന തരത്തില്‍ മതസ്പര്‍ധ വളര്‍ത്താന്‍ സംഘടന പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം നടപടി സ്വീകരിച്ചത്.
2016 നവംബര്‍ 17നാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരെ യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി വിലക്കേര്‍പ്പെടുത്തിയത്. ഇത് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ രാജ്യത്തിന്റെ സുരക്ഷയും സമാധാനവും സാമുദായിക സൗഹാര്‍ദവും തകര്‍ക്കുന്നതും രാജ്യത്തിന്റെ മതേതരത്വത്തെ നശിപ്പിക്കുന്നതുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഈ സംഘടനയെ നിരോധിച്ചില്ലെങ്കില്‍ അത് രാജ്യവിരുദ്ധത പ്രചരിപ്പിക്കും. തീവ്രവാദത്തെയും വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതാണ് സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങള്‍.
സമൂഹമാധ്യമങ്ങളിലൂടെയും, ടെലിവിഷന്‍- അച്ചടി മാധ്യമം ഉള്‍പ്പെടെയുള്ളവയിലൂടെയും നടക്കുന്ന വിദ്വേഷ പ്രചാരണം തീവ്രവാദത്തിന് കാരണമായിട്ടുണ്ട്. ഇത് ഉടനടി നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായേക്കാം. രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഭൂരിഭാഗം ആളുകളും സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണം സ്വാധീനിച്ച് തീവ്രവാദത്തില്‍ എത്തിയവരാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.