സന്നിധാനത്തെത്തിയ മന്ത്രി രാധാകൃഷ്ണന്‍ തീര്‍ഥം വാങ്ങി കൈകഴുകി
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെത്തി വിവാദത്തിന് തീ കൊളുത്തി ദേവസ്വം മന്ത്രി രാധാകൃഷ്ണന്‍. വൃശ്ചികം ഒന്നിന് ശബരിമല നടതുറപ്പ് വേളയില്‍ ശബരിമല സന്നിധാനത്ത് നിന്നും തീര്‍ഥം വാങ്ങി കൈകഴുകിയ മന്ത്രി കെ.രാധാകൃഷ്ണന്റെ നടപടി വിവാദമാകുന്നു. നട തുറന്ന ശേഷം തന്ത്രി നല്‍കിയ തീര്‍ഥം കൈകളില്‍ വാങ്ങിയ ശേഷം കുടിക്കാതെ കൈ കഴുകുകയാണ് രാധാകൃഷ്ണന്‍ ചെയ്തത്.
ശബരിമല സന്നിധാനത്ത് നിന്നും തീര്‍ഥം വാങ്ങി സേവിക്കാതെ കൈകഴുകിയ മന്ത്രി രാധാകൃഷ്ണന്റെത് ശരിയായ നടപടിയല്ലെന്നു പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി നാരായണ വര്‍മ പറഞ്ഞു. അഭിഷേകം കഴിഞ്ഞ ജലമാണ് തീര്‍ഥം. അത് സേവിക്കാനാണ് വാങ്ങുന്നത്. തീര്‍ഥം സേവിക്കില്ലെങ്കില്‍ അത് വാങ്ങേണ്ട ആവശ്യം തന്നെയില്ല. വിശ്വാസം ഇല്ലാത്തവര്‍ വങ്ങേണ്ട കാര്യമില്ല. അത്രയേയുള്ളൂ. കൈകാണിച്ചാലേ തീര്‍ഥം നല്‍കുകയുള്ളൂ.
ശബരിമല തന്ത്രിയില്‍ നിന്ന് തീര്‍ഥം വാങ്ങി കൈകഴുകാന്‍ ഉപയോഗിച്ച ദേവസ്വം മന്ത്രി വിശ്വാസികളെ അവഹേളിക്കുകയാണ് ചെയ്തത്. ക്ഷേത്ര ആചാരത്തിനു വിരുദ്ധമായാണ് അദ്ദേഹം ചെയ്തത്. ഇത് ശരിയല്ലെന്നും മിസോറം മുന്‍ ഗവര്‍ണറും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരനും പ്രതികരിച്ചു.
ദേവസ്വം മന്ത്രിയെന്ന നിലയില്‍ ഉള്ള രാധാകൃഷ്ണന്റെ ഈ ചെയ്തി വന്‍ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. നട തുറക്കുന്ന സമയത്ത് ദര്‍ശനത്തിനായി നിന്നപ്പോള്‍ ഭഗവാന് മുന്നില്‍ കൈ കൂപ്പാതെ നില്‍ക്കുന്ന ദൃശ്യങ്ങളും വിവാദമായി തന്നെ തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ മാളികപ്പുറത്ത് നിന്നും വാവര് നടയില്‍ നിന്നും പ്രസാദം സ്വീകരിച്ചിരുന്നു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ സന്നിധാനത്ത് എത്തിയെങ്കിലും തിരുമുറ്റത്തേക്ക് കയറിയിരുന്നില്ല. തന്റെ നടപടി സംബന്ധിച്ച് രാധാകൃഷ്ണന്‍ ഇതുവരെ മറുപടിയൊന്നും പറഞ്ഞിട്ടില്ല.