നിയമസഭ കൈയാങ്കളി കേസ്: വിചാരണ ഇന്ന് തുടങ്ങും, പ്രതികള്‍ ഹാജരാവില്ല
തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസില്‍ വിചാരണ നടപടികള്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഇന്ന് ആരംഭിക്കും. മന്ത്രി വി ശിവന്‍കുട്ടിയടക്കമുള്ള ആറ് പ്രതികളോട് കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. വിടുതല്‍ ഹര്‍ജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ പ്രതികള്‍ ഹാജരാകില്ല. മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെ വിചാരണ നേരിടാന്‍ പോകുന്നത്.
വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്, കെ.ടി. ജലീല്‍, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ. സദാശിവന് എന്നിവരാണ് പ്രതികള്‍. കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതിയും തള്ളിയിരുന്നു. പ്രതികള്‍ ചേര്‍ന്ന് 2,20,093 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഈ കേസില്‍ ആറ് വര്‍ഷം പിന്നിടുമ്പോഴാണ് വിചാരണ നടപടികള്‍ തുടങ്ങുന്നത്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്കിയ കാര്യം ഇന്ന് പ്രതികളുടെ അഭിഭാഷകര്‍ കോടതിയെ അറിയിക്കും.