റബറിന് വില ഉയരുന്നു; വിപണിയില്‍ റബറിന് ലഭ്യതക്കുറവ്
കോട്ടയം: വില ഉയര്‍ന്ന് റബര്‍ വിപണി. റബര്‍ ബോര്‍ഡിന്റെ വില രണ്ടു ദിവസമായി 188 രൂപയാണെങ്കിലും ജില്ലയില്‍ ചിലയിടങ്ങളില്‍ ഇന്നലെ 192 രൂപയ്ക്കു വരെ റബര്‍ വാങ്ങാന്‍ വ്യാപാരികള്‍ തയാറായതായാണു വിവരം. എന്നാല്‍ എത്തുന്ന വിപണിയില്‍ എത്തുന്ന റബറിന്റെ അളവ് തുലോം കുറവാണ്. മഴ തുടരുന്നതിനാല്‍ ആഭ്യന്തര ഉത്പാദനം കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ വില വീണ്ടും ഉയരുമെന്ന സൂചനയാണു വിപണിയില്‍നിന്നു ലഭിക്കുന്നത്.
ഒമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. ഇടവേളയ്ക്കു ശേഷം രാജ്യാന്തര വിലയിലും വര്‍ധനയുണ്ടാകുന്നതു പ്രതീക്ഷയോടെയാണു വ്യാപാരികളും കര്‍ഷകരും വീക്ഷിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ആഭ്യന്തരവിലയിലും രാജ്യാന്തര വിലയിലും ഏഴു രൂപയുടെ വര്‍ധനയുണ്ടായി. തുടര്‍ച്ചയായ മഴയത്തെുടര്‍ന്ന് ആഭ്യന്തര ഉത്പാദനം കുത്തനെ ഇടിഞ്ഞതാണു വില ഉയരാന്‍ പ്രധാന കാരണം. സാധാരണ നവംബര്‍ ആദ്യത്തോടെ ടാപ്പിംഗ് ആരംഭിച്ച് വിപണയില്‍ റബര്‍ എത്തേണ്ട സമയമായിരുന്നു ഇത്.
എന്നാല്‍ ഇതുവരെ ടാപ്പിങ് ആരംഭിക്കാന്‍ കര്‍ഷകര്‍ക്കു കഴിഞ്ഞിട്ടില്ല. ഇനി ടാപ്പിങ് ആരംഭിച്ചാലും ഉത്പാദനം കുറവായിരിക്കുമെന്നു കര്‍ഷകര്‍ പറയുന്നു. സാമ്പത്തിക വര്‍ഷാവസാനത്തോടെ ആഗോളതലത്തില്‍ രണ്ടു ലക്ഷം ടണ്‍ റബറിന്റെ കുറവുണ്ടാകുമെന്നാണു ഉത്പാദക രാജ്യങ്ങളുടെ വിലയിരുത്തല്‍. ഇതോടെ റബര്‍വില വീണ്ടും ഉയരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.