ദുരിതപര്‍വത്തിനിടെ ആക്‌സിഡന്റും; റിട്ട. ഐപിഎസ് ഓഫീസറുടെ ജീവിതം തുലയ്ക്കുന്നത് സിപിഎമ്മുകാര്‍
കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ സിപിഎമ്മിന് അനുകൂലമായി അന്വേഷണം നടത്താത്തതിന് വിരമിച്ച ഐപിഎസ് ഓഫീസറായ ഉദ്യോഗസ്ഥന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പോലും നിഷേധിച്ച് പിണറായി സര്‍ക്കാര്‍. കേരള ആംഡ് പോലീസ് ഫിഫ്ത് ബറ്റാലിയന്‍ കമാന്‍ഡന്റായി വിരമിച്ച കെ. രാധാകൃഷ്ണനാണ് ദുരിതപര്‍വം അനുഭവിക്കുന്നത്. ഇതിനിടെ കഴിഞ്ഞദിവസം അദ്ദേഹത്തിന് ആക്‌സിഡന്റുമായി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തൃപ്പൂണിത്തുറയിലെ വീടിനു മുന്നില്‍വെച്ചായിരുന്നു അപകടം.
റോഡ് മുറിച്ചുകിടക്കുന്നതിനിടെ ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്തുവന്ന സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം. ജീവന് ഭീഷണിയുള്ളതിനാല്‍ മറ്റൊരു സംസ്ഥാനത്തായിരുന്നു താമസം. പെന്‍ഷനും ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതിനാല്‍ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ആയി ജോലി നോക്കുകയാണ് ഈ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍. പല തവണ ആക്രമിക്കപ്പെട്ടു.
2006ല്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് ഒന്നര വര്‍ഷത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതിനാല്‍ കുടുംബം സാമ്പത്തിക പ്രയാസത്തിലാണ്. ഗവേഷക വിദ്യാര്‍ഥിനിയായിരുന്ന മകള്‍ ഹോസ്റ്റല്‍ ഫീസ് അടക്കം കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ പാര്‍ട്ട് ടൈം ആയാണ് പഠിക്കുന്നത്. പണമില്ലാത്തതിനാല്‍ മകന്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് അവസാനിപ്പിച്ചു. ഇപ്പോള്‍ ഏതു നിമിഷവും സിപിഎമ്മുകാര്‍ ആക്രമിച്ചു കൊലപ്പെടുത്തിയേക്കാമെന്ന ഭയത്തോടെയാണ് ജീവിക്കുന്നത്.