പാതയോരത്ത് കൂടുതലും ചുവന്ന കൊടികള്‍; ആരുപറഞ്ഞാലും കേരളം നന്നാവില്ല: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
കൊച്ചി: ആരു പറഞ്ഞാലും കേരളം നന്നാവില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. പാതയോരത്ത് കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി പാലിക്കാത്തതിനെ സംബന്ധിച്ചാണ് ഹൈക്കോടതി കടുത്ത വിമര്‍ശനമുന്നയിച്ചത്. പാതയോരത്ത് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന് രണ്ടാഴ്ച മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിക്കവേയാണ് അല്‍പം നിരാശ കലര്‍ന്ന വാക്കുകളിലുള്ള ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. ആരു പറഞ്ഞാലും കേരളം നന്നാവില്ല എന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
കഴിഞ്ഞയാഴ്ച തിരുവനന്തപുരം വരെ യാത്ര ചെയ്തപ്പോള്‍ പാതയുടെ ഇരുവശത്തും അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് കണ്ടു. ഇതില്‍ കൂടുതലും ചുവന്ന കൊടികള്‍ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസ് വീണ്ടും അടുത്ത ദിവസം പരിഗണിക്കുന്നതിന് മാറ്റി. പാതയോരം കൈയേറി കൊടിമരം സ്ഥാപിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കുകയും അവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
കോടതിയുടെ ഉത്തരവ് വന്നതിനു പിന്നാലെ ജില്ല കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഉത്തരവ് ഇറക്കുകയും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങളും മറ്റും നീക്കംചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വിശദീകരണത്തില്‍ കോടതിക്ക് പൂര്‍ണമായും തൃപ്തിയുണ്ടായിട്ടില്ല.