വല്യേട്ടന്‍ ചമയുന്ന സിപിഎമ്മിന് കണ്ണൂരില്‍ പണികൊടുത്ത് സിപിഐ
കണ്ണൂര്‍: ഇടത് മുന്നണിയില്‍ വല്യേട്ടന്‍ ചമയുന്ന സിപിഎമ്മിന് അവരുടെ ശക്തികേന്ദ്രമായ കണ്ണൂരില്‍ തന്നെ പണികൊടുത്ത് സിപിഐ. നിരവധി പേരാണ് പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎം വിട്ട് സിപിഐയിലേക്ക് പോകാന്‍ തയ്യാറാകുന്നത്. പാര്‍ട്ടി ഗ്രാമത്തില്‍ സിപിഐയിലേക്കുള്ള സിപിഎം പ്രവര്‍ത്തകരുടെ ഒഴുക്ക് തടയാനാകാത്ത അവസ്ഥയിലാണ് സിപിഎം. കീഴാറ്റൂരിലെ മാന്ധംകുണ്ടില്‍ സിപിഎം വിട്ട് സിപിഐയിലേക്ക് ചേര്‍ന്ന കോമത്ത് മുരളീധരനെയും അമ്പതിലേറെ പ്രവര്‍ത്തകരെയും ചേര്‍ത്ത് രഹസ്യ യോഗം നടത്തി.
സിപിഐയിലേക്ക് വന്നവര്‍ക്ക് എഐവൈഎഫ് സംസ്ഥാന സമ്മേളന വേദിയില്‍ വന്‍ സ്വീകരണമൊരുക്കാനും തീരുമാനമായിട്ടുണ്ട്. കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ അമ്പതിലേറെ പേരെയും പങ്കെടുപ്പിച്ചുകൊണ്ട് സിപിഐ നേതാക്കളുടെ സാന്നിധ്യത്തില്‍ മുരളീധരന്റെ വീട്ടില്‍ അതീവരഹസ്യമായി പ്രത്യേക യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. പ്രകടനമോ പൊതുപരിപാടികളോ ഇല്ലാതെ ചേര്‍ന്ന യോഗം സിപിഐ ജില്ല സെക്രട്ടറി പി. സന്തോഷ് കുമാര്‍ ആണ് ഉദ്ഘാടനം ചെയ്തത്.
കീഴാറ്റൂരില്‍ സിപിഐയുടെ സംഘടന സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ സിപിഎമ്മിനോട് അതൃപ്തിയുള്ള കൂടുതല്‍ പേര്‍ സിപിഐയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിപിഐയിലേക്ക് പുതുതായി വന്നവരെ പാര്‍ട്ടി സംരക്ഷിക്കുമെന്നും സംഘര്‍ഷങ്ങളില്ലാത്ത പ്രവര്‍ത്തനമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും പി. സന്തോഷ് കുമാര്‍ പറഞ്ഞു. കോമത്ത് മുരളീധരന്‍ വിഷയത്തെ തുടര്‍ന്ന് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനം രാജിവെച്ച ഡി.എ. ബാബുവും എം.കെ. സതീശനും യോഗത്തില്‍ പങ്കെടുത്തു.
സിപിഐയിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് തടയാന്‍ സിപിഎം ജില്ല സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. മാന്ധംകുണ്ടില്‍ ക്യാംപ് ചെയ്തായിരുന്നു ജില്ല സെക്രട്ടറിയുടെ പ്രവര്‍ത്തനം. മുരളീധരന്റെ നേതൃത്വത്തില്‍ 18 പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെ 58 പേരാണ് പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നത്. ബ്രാഞ്ച് സെക്രട്ടറി സ്ഥാനം രാജിവച്ചവര്‍ക്ക് പകരം ആളുകളെ കണ്ടെത്താന്‍ ഇതുവരെ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല.
കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ മാന്ധംകുണ്ട് റസിന്‍ഡന്റ്‌സ് അസോസിയേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കിയതും പാര്‍ട്ടിക്ക് ക്ഷീണമായിട്ടുണ്ട്. സിപിഐ നേതാക്കളായ വി.വി. കണ്ണന്‍, സി. ലക്ഷ്മണന്‍, സി.പി. സന്തോഷ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.