Kerala NewsLatest NewsNewsSabarimala

മഴ നിന്നപ്പോള്‍ വറ്റിവരണ്ട് പമ്പ; പമ്പാസ്‌നാനത്തിന് ഇനിയും അനുമതിയില്ല

ശബരിമല: മഴ നിന്നതോടെ പമ്പ വറ്റിവരണ്ടു. തീര്‍ഥാടകരുടെ ഒഴുക്ക് തടുരുമ്പോള്‍ സന്നിധാനവും പ്രതിസന്ധിയിലാണ്. ശുദ്ധജല പദ്ധതിയില്‍ ത്രിവേണിയില്‍ പമ്പിംഗിന് വെള്ളമില്ല. ഇങ്ങനെ പമ്പ വരളുമെന്ന് ആരും കരുതിയില്ല. തീര്‍ഥാടനം തുടങ്ങുന്നതിന് തൊട്ടു മുമ്പായിരുന്ന മഴ. ഇതോടെ തീരം കരകവിഞ്ഞു. തീര്‍ഥാടകര്‍ക്ക് നിരോധനം പോലും ഏര്‍പ്പെടുത്തി. പിന്നീട് മിക്ക ദിവസവും മഴയായിരുന്നു. രണ്ട് ദിവസം മുമ്പ് മഴ ശമിച്ചു. അതോടെ പമ്പയില്‍ വെള്ളമില്ലാതെയുമായി.

മഴ മാറി രണ്ട് ദിവസം കഴിയുമ്പോള്‍ പമ്പയിലെ ഒഴുക്ക് കുറയുന്നത് ഇത് ആദ്യമായാണ്. അതിശക്തമായ മഴ കാരണം ആനത്തോട്, പമ്പ അണക്കെട്ടുകള്‍ തുറന്ന് അധികജലം ഒഴുക്കി കളഞ്ഞിട്ട് അധിക ദിവസമായില്ല. അണക്കെട്ടുകള്‍ തുറന്നുവിട്ടതിനെ തുടര്‍ന്ന് ഒഴുകിയെത്തിയ മണല്‍ അടിഞ്ഞ് നദിയിലെ വലിയ കുഴികള്‍ എല്ലാം അടഞ്ഞു. പാലത്തിനോട് ചേര്‍ന്ന ഭാഗത്തു മാത്രമാണ് കുഴിയുള്ളത്.

ഗണപതികോവിലിലേക്കു വാഹനങ്ങള്‍ പോകുന്ന വലിയ പാലത്തിനും ത്രിവേണി സംഗമത്തിനും മധ്യേ പമ്പാനദി പൂര്‍ണമായും വറ്റിയ നിലയിലാണ്. ത്രിവേണിയിലെ രണ്ട് പാലത്തിനു മധ്യത്തില്‍ നദിയില്‍ മുട്ടിനു താഴെയാണ് വെള്ളം ഉള്ളത്. ത്രിവേണി ചെറിയ പാലത്തിനും ആറാട്ട് കടവിനും മധ്യേ നദിയില്‍ പാദം മുങ്ങാനുള്ള വെള്ളം മാത്രമാണുള്ളത്. ജല അതോറിറ്റിയുടെ പമ്പ് ഹൗസ് ത്രിവേണിയിലാണ്. ഇവിടെ നിന്നു പമ്പ് ചെയ്യുന്ന വെള്ളം ഗണപതികോവിലിനു സമീപത്തെ ദേവസ്വം അതിഥി മന്ദിരത്തിനു മുകളിലെ സംഭരണിയില്‍ നിറച്ചാണ് പമ്പയില്‍ വിതരണം നടത്തുന്നത്. ഇതാണ് പ്രതിസന്ധിയിലാകുന്നത്.

നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ മൂന്ന് ബൂസ്റ്റര്‍ ടാങ്കുകളില്‍ നിറച്ച് വീണ്ടും പമ്പ് ചെയ്താണ് ശരംകുത്തിയില്‍ എത്തിച്ച് പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ വിതരണം നടത്തുന്നത്. എന്നാല്‍ ഒന്നര മണിക്കൂര്‍ പമ്പ് ചെയ്യാനുള്ള വെള്ളം പോലും നദിയില്‍ ഇല്ല. ജല അതോറിറ്റി ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് ഇന്നലെ ത്രിവേണിയിലെ തടയണയില്‍ വെള്ളം കെട്ടി നിര്‍ത്താന്‍ ഷട്ടര്‍ ഇടുന്ന ജോലി വന്‍കിട ജലസേചന വിഭാഗം തുടങ്ങി. ഇത് പൂര്‍ത്തിയാക്കിയ ശേഷം ആറാട്ട് കടവിലെയും തടയണ ഇടും.

മാത്രമല്ല തീര്‍ഥാടകരെ പമ്പാസ്നാനത്തിന് അനുവദിക്കുമെന്ന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും വാഗ്ദാനം നടപ്പായിട്ടില്ല. മഴ കാരണം പമ്പാനദിയില്‍ ശക്തമായ ഒഴുക്കും ഉള്ളതിനാല്‍ പമ്പാസ്നാനം അനുവദിക്കാന്‍ കഴിയില്ലെന്നാണ് ഇതുവരെ സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ വെള്ളമില്ലാതെ പമ്പാനദി വറ്റി വരണ്ടിട്ടും അതേ നിലപാടാണ് ഇപ്പോഴും തുടരുന്നത്. പമ്പാനദിയിലെ ഒഴുക്കിന്റെ ശക്തി കുറഞ്ഞാല്‍ സ്നാനത്തിന് തീര്‍ഥാടകരെ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ അയ്യപ്പന്മാര്‍ നദിയിലേക്ക് ഇറങ്ങാതിരിക്കാന്‍ വേലി കെട്ടി അടച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button