CrimeKerala NewsLatest NewsNewsPolitics

കൊലപാതകികളുടെ രാഷ്ട്രീയം കേരളത്തില്‍ രക്ഷപ്പെടാനുള്ള പുകമറയാകുന്നുവോ?

കൊച്ചി: കേരളം അടുത്തിടെ കണ്ട രണ്ട് അരുംകൊലകള്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. സാധാരണക്കാരുടെ ജീവന് യാതൊരു വിലയും കല്‍പിക്കാത്ത രാഷ്ട്രീയ ക്രിമിനലുകള്‍ നടത്തുന്ന കൊലപാതകങ്ങള്‍ കേരളത്തെ പിടിച്ചുലയ്ക്കുകയാണ്. നവംബര്‍ 15ന് പാലക്കാട് കൊല്ലപ്പെട്ട സഞ്ജിത്തും ഡിസംബര്‍ രണ്ടിന് തിരുവല്ലയില്‍ കൊല്ലപ്പെട്ട സന്ദീപും തങ്ങളുടെ കുടുംബത്തിന്റെ അത്താണികളായിരുന്നു.

പോപ്പുലര്‍ ഫ്രണ്ടുകാര്‍ പട്ടാപ്പകല്‍ ഭാര്യയുടെ മുന്നില്‍ വച്ചാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ഡിസംബര്‍ രണ്ടിന് രാത്രി എട്ടിനാണ് സന്ദീപിനെ അഞ്ച് നരാധമന്മാര്‍ കൊലപ്പെടുത്തിയത്. സഞ്ജിത് ആര്‍എസ്എസുകാരനും സന്ദീപ് സിപിഎമ്മുകാരനുമാണ്. സഞ്ജിത്തിനെ കൊലപ്പെടുത്തി നാളുകള്‍ ഇത്രയായിട്ടും മൂന്നു പ്രതികളെ മാത്രമാണ് പോലീസ് പിടികൂടിയത്. എന്നാല്‍ സന്ദീപിന്റെ ശവസംസ്‌കാരം നടത്തുന്നതിനു മുന്‍പ് തന്നെ മുഴുവന്‍ പ്രതികളെയും പിടികൂടി കേരള പോലീസ് തങ്ങളുടെ കേസന്വേഷണത്തിന്റെ മികവ് തെളിയിച്ചു.

യുഡിഎഫ്, ബിജെപി പ്രവര്‍ത്തകരുടെ പല കൊലപാതക കേസുകളും ഇപ്പോഴും എങ്ങുമെത്താതെ നില്‍ക്കുമ്പോഴാണ് സന്ദീപിന്റെ കൊലപാതക കേസില്‍ ഇങ്ങനെയൊരു മിന്നല്‍ നീക്കം ഉണ്ടായിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാവുകയാണ്. തിരുവല്ലയിലെ കൊലപാതകത്തില്‍ ബിജെപിക്ക് പങ്കില്ലെന്നും രാഷ്ട്രീയ കൊലപാതകമല്ലെന്നും പറഞ്ഞത് പത്തനംതിട്ട ജില്ല പോലീസ് മേധാവി നിശാന്തിനിയാണ്.

എന്നാല്‍ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പോലീസിനെ ഭീഷണിപ്പെടുത്തി സന്ദീപിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതമാക്കി മാറ്റുകയായിരുന്നുവെന്ന് ബിജെപി ആരോപിക്കുന്നു. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും മരണത്തില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികളെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ കോടികളാണ് ഖജനാവില്‍ നിന്നും ചിലവഴിച്ചത്. ഫസല്‍ വധക്കേസില്‍ യഥാര്‍ഥ പ്രതികളെ പിടികൂടിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ. രാധാകൃഷ്ണന്റെ ജീവിതവും ഇവിടെ ചര്‍ച്ചയാവുകയാണ്.

കൊലപാതകികള്‍ സിപിഎമ്മുകാരോ അവര്‍ക്ക് വേണ്ടപ്പെട്ടവരോ ആണെങ്കില്‍ പോലീസ് പിടികൂടില്ലെന്നും എന്നാല്‍ സിപിഎമ്മുകാരെ കൊലപ്പെടുത്തിയവരെ പിടികൂടാന്‍ കേരള പോലീസിന് നിമിഷങ്ങള്‍ മാത്രമേ വേണ്ടൂ എന്ന കാര്യവും കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. ഇവിടെ എല്ലാം നഷ്ടപ്പെട്ട വീട്ടുകാരുടെ ദുഃഖത്തെക്കാളുപരി കൊല്ലപ്പെട്ടവന്റെ രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കുന്ന കേരള പോലീസിന്റെ ആത്മാര്‍ഥതയും നിലപാടും ചോദ്യം ചെയ്യപ്പെടുകയാണ്.

ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ നിലപാടിനനുസരിച്ച് കേസിന്റെ രൂപകല്‍പന നടത്തുന്ന പോലീസിന്റെ പ്രീണനനയം സാധാരണക്കാരനെ പോലീസില്‍ നിന്ന് പരമാവധി അകറ്റുകയും ചെയ്യുന്നു. ഒരു കൊലപാതകത്തിലെ പ്രതികളെയും അതില്‍ ഗൂഢാലോചന നടത്തിയവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ട പോലീസ് പലപ്പോഴും ഉരുണ്ടുകളിക്കുന്നത് ആ സേനയുടെ വിശ്വാസ്യതയെ പൊതുജനത്തിന്റെ മുന്നില്‍ സംശയത്തിന്റെ മുള്‍മുനയിലാക്കിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button