രോഹിണി കോടതിയില്‍ വീണ്ടും സ്‌ഫോടനം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി കോടതിക്കുള്ളില്‍ സ്‌ഫോടനം. തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. കോടതി നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ രോഹിണി കോടതിയില്‍ മാഫിയ സംഘങ്ങള്‍ തമ്മിലുള്ള വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുണ്ട തലവന്‍ ഗോഗി അടക്കം മൂന്ന് പേരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.
ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. അക്രമത്തില്‍ ആറ് പേര്‍ക്ക് വെടിയേറ്റു. നോര്‍ത്ത് ഡല്‍ഹിയിലെ രോഹിണി ജില്ല കോടതിയിലെ രണ്ടാം നിലയിലെ 207ാം നമ്പര്‍ മുറിയിലാണ് രാജ്യത്തെ ഞെട്ടിച്ച വെടിവയ്പ് നടന്നത്.
കൊടുംകുറ്റവാളി ജിതേന്ദര്‍ ഗോഗിയുടെ വിചാരണ നടക്കുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേര്‍ കോടതിമുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഗോഗിക്ക് നേരെ ഗുണ്ടാസംഘം വെടിവച്ചതിന് പിന്നാലെ ഇയാള്‍ക്ക് അകമ്പടി നല്‍കാനെത്തിയ സെപ്ഷ്യല്‍ സെല്ലിന്റെ നോര്‍ത്തണ്‍ റേഞ്ച് ഓഫീസര്‍മാര്‍ രണ്ട് അക്രമികളെ വെടിവച്ച് കൊലപ്പെടുത്തി.