പി.സി. ജോർജ് വീണ്ടും എൻഡിഎയിലേക്ക്; ഘടക കക്ഷിയായേക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.സി. ജോർജ് വീണ്ടും എൻഡിഎയിലേക്ക്. ജനപക്ഷം പാർട്ടി എൻഡിഎയുടെ ഘടക കക്ഷിയായേക്കുമെന്ന് സൂചന. യുഡിഎഫിൽ ഘടക കക്ഷിയാക്കുന്നതിനോട് കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പുയർത്തിയതോടെയാണ് പി.സി. ജോർജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 27 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും പി.സി ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.
പി.സി. ജോർജിനെ മുന്നണിയിലെടുത്താൽ സമാന്തര സ്ഥാനാർഥിയെ നിർത്തുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞതോടെ പൊതു സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണ നൽകാമെന്നാണ് ഒടുക്കം യുഡിഎഫ് നിലപാടെടുത്ത്. എന്നാൽ ഇതിനോട് പി.സി ജോർജിന് താതപര്യമില്ല. ഇതേതുടർന്നാണ് മറ്റ് മാർഗങ്ങൾ നോക്കാൻ പി.സി. ജോർജ് നിർബന്ധിതമായത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമാവുകയും പത്തനംതിട്ട മണ്ഡലത്തിൽ കെ. സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. എന്നാൽ പ്രതീക്ഷിച്ച വിജയം എൻഡിഎയ്ക്ക് ലഭിച്ചില്ല. തൊട്ടുപിന്നാലെ എൻഡിഎ എന്നത് കേരളത്തിൽ തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആക്ഷേപിച്ച് പി.സി. ജോർജ് മുന്നണി വിടുകയും ചെയ്തു.
ഇതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിന്റെ ഭാഗമാകാൻ ജോർജ് താത്പര്യം പ്രകടിപ്പിച്ചു. പാർട്ടിയിൽ ഒരുവിഭാഗം അങ്ങനെ ആവശ്യപ്പെടുന്നുവെന്നാണ് ഇതിന് പി.സി. ജോർജ് നൽകിയ മറുപടി. ആദ്യഘട്ടത്തിൽ ചർച്ചകൾ അനുകൂലമായി മുന്നോട്ടുപോയെങ്കിലും പെട്ടെന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പുമായി വന്നത്.
പി.സി ജോർജിന്റെ ബിജെപി ബാന്ധവവും സമീപകാലത്ത് നടത്തിയ മുസ്ലീം വിരുദ്ധ പരാമർശവും മറ്റും തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക നേതൃത്വം എതിർപ്പ് ഉയർത്തിയത്. എന്നാൽ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്നാണ് പി.സി. ജോർജ് പറയുന്നത്.