

തൂത്തുക്കുടി കസ്റ്റഡി മരണക്കേസില്‍ നാല് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായി. സബ് ഇന്‍സ്‌പെക്ടര്‍ രഘു ഗണേശ്, എസ്‌ഐ ബാലകൃഷ്ണന്‍ കോണ്‍സ്റ്റബിള്‍മാരായ മുത്തുരാജ്, മുരുഗന്‍ എന്നിവരെയാണ് സിബി സിഐഡി ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
സബ് ഇന്‍സ്‌പെക്ടര്‍ രഘു ഗണേഷിനെ സസ്‌പെന്റ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഗണേഷിനെ ബുധനാഴ്ചയും, മറ്റ് മൂന്നു പേരെ വ്യാഴാഴ്ച പുലര്‍ച്ചെയുമായിരുന്നു അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടന്നതിന് പിറകെ സതാംകുളത്ത് ജനം പടക്കം പൊട്ടിച്ച് ആഘോഷിച്ചു. ഇതുമായി ബന്ധപ്പെട്ട വീഡിയോ എഎന്‍ഐ പുറത്തുവിട്ടു. അന്വേഷണത്തിന് ശേഷം കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ രഘു ഗണേഷിനെതിരേ ചുമത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുള്ളത്. ലോക്ക് ഡൌണിനിടെ 15 മിനിറ്റ് സമയം അധികം കട തുറന്നുവെച്ചെന്ന കാരണം പറഞ്ഞു ഇരുവരെയും കസ്റ്റഡിയിലെടുത്ത പോലീസ് കസ്റ്റഡിയില്‍ വെച്ച് കൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ മദ്രാസ് ഹൈക്കോടതി പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയും സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയുമുണ്ടായി.
അതേസമയം, രഘു ഗണേഷിന് പുറമേ ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് കസ്റ്റഡിയില്‍ വെച്ച് അച്ഛനെയും മകനെയും മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്കിയത്. സിബിസിഐഡി ഐജിയുടേയും എസ്പിയുടേയും നേതൃത്വത്തിലുള്ള 12 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആരോപണ വിധേയരായ 13 പോലീസുകാരെയും ഇതിനകം ചോദ്യം ചെയ്തുിട്ടുണ്ട്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നുവെന്നാണ് സിബിസിഐഡി പറയുന്നത്. സാത്താങ്കുളം സ്റ്റേഷനില്‍ ഒരു മാസത്തിനിടെ നടന്ന എല്ലാ ലോക്കപ്പ് മര്‍ദ്ദനങ്ങളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പോലീസുകാരുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കും.
ജയരാജ്(59), മകന്‍ ബെന്നിക്‌സ്(31) എന്നിവരാണ് കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദനത്തിനിരയായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണപ്പെടുന്നത്.
Post Your Comments