പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; സാന്ദ്ര തോമസ് നൽകിയ ഹർജികൾ എറണാകുളം സബ് കോടതി തള്ളി
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിർമാതാവ് സാന്ദ്ര തോമസ് നൽകിയ മൂന്ന് ഹർജികൾ എറണാകുളം സബ് കോടതി തള്ളി. ബൈലോ പ്രകാരമായിരുന്നു നടപടികൾ നടന്നതെന്നും, ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നും നിർമാതാവ് ജി. സുരേഷ് കുമാർ വ്യക്തമാക്കി. “കോടതി കള്ളം പറഞ്ഞതാണെന്ന് ഇനി പറയുമോ?” എന്ന് ലിസ്റ്റിൻ സ്റ്റീഫൻ ചോദിച്ചു. ആരോപണങ്ങൾക്ക് പിന്നിൽ സാന്ദ്ര തോമസിന്റെ അസഹിഷ്ണുതയാണെന്നും അദ്ദേഹം ആരോപിച്ചു.
കോടതി വിധിയിൽ വേദനയും നിരാശയും ഉണ്ടെന്ന് സാന്ദ്ര തോമസ് പ്രതികരിച്ചു. വിധിയെ മാനിക്കുന്നുവെങ്കിലും അത് തിരിച്ചടിയായി കാണുന്നില്ലെന്നും, പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി. ഫിലിം ചേമ്പറിൽ മത്സരിക്കാനുള്ള തീരുമാനം മാറ്റമില്ലാതെ തുടരുകയാണെന്നും ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുമെന്നും അറിയിച്ചു.
പത്രിക തള്ളലിനെതിരെ നൽകിയ ഹർജിയിൽ അല്ല, ബൈലോയിൽ ഇല്ലാത്ത ഭരണാധികാരിയുടെ നിയമനം, തിരഞ്ഞെടുപ്പ് കോടതിയുടെ മേൽനോട്ടത്തിൽ നടത്തണം, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നിർത്തിവെക്കണം എന്നീ ആവശ്യങ്ങളടങ്ങിയ മൂന്ന് ഹർജികളിലാണ് കോടതി വിധി വന്നതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
Tag: Producers Association elections; Ernakulam Sub Court rejects Sandra Thomas’ petitions