മരണാനന്തര ചടങ്ങില്‍ പങ്കെടുത്തയാള്‍ക്ക് കൊവിഡ്; 300 പേരോട് ക്വാറന്റീനില്‍ പോകാന്‍ നിർദേശിച്ചു.

മലപ്പുറം ജില്ലയിലെ ചേലേമ്പ്രപ്പാറയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത കാവനൂര്‍ സ്വദേശിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 300 പേരോട് ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. ജൂലൈ 10ന് അന്തരിച്ച കെ. അബ്ദുള്‍ ഖാദര്‍ മുസ്‌ല്യാരുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനായി മന്‍ഹജുര്‍ റാഷാദ് ഇസ്ലാമിക് കോളേജിൽ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച കാവനൂര്‍ സ്വദേശിയും അന്തിമോപചാരമര്‍പ്പിക്കാനായി ഇവിടെ എത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുത്ത 300 പേരോട് 14 ദിവസം നിരീക്ഷണത്തില്‍ പോകാനാണ് ആരോഗ്യ വകുപ്പ് ഇതോടെ നിര്‍ദേശിച്ചത്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പ് വിവര ശേഖരണം ശേഖരിച്ചുവരുകയാണ്.
കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കിയപ്പോഴാണ് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തുവെന്നതിനെ സംബന്ധിച്ച വിവരം ലഭിക്കുന്നത്. ജില്ലക്ക് പുറത്തുമുള്ളവരും ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്തവരും ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവരോടും വാര്‍ഡ് മെമ്പറെയും ആരോഗ്യ പ്രവര്‍ത്തകരെയും വിവരം അറിയിക്കണം. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാറയില്‍ അങ്ങാടിയിലെ കടകളും കോളേജും പള്ളിയും താത്കാലികമായി അടച്ചു. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ചടങ്ങ് നടത്തിയതിന് പൊലീസില്‍ അധികൃതർ പരാതി നൽകി. മറ്റ് ജില്ലകളില്‍ നിന്ന് ചടങ്ങളില്‍ പങ്കെടുക്കാനെത്തിയവരെ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറും. പനി ജലദോഷം, തുമ്മല്‍ തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ നേരിട്ട് ആശുപത്രിയില്‍ പോകാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്നും നിർദേശിച്ചിരിക്കുകയാണ്.