Kerala NewsLatest NewsLocal NewsNewsPolitics

പിണറായി വിജയൻ സർക്കാരിന് സി പി ഐ യുടെ രൂക്ഷ വിമർശനം

കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ തിരിച്ചറിയണമെന്ന് സിപിഐ, മുഖ്യമന്ത്രി പിണറായി വിജയനെയും, സർക്കാരിനെയും
ജനയുഗത്തിൽ എഴുതിയ ലേഖനത്തിലൂടെ അറിയിക്കുന്നു. വൻകിട വ്യവസായ ലോബികളും റിസോർട്ട് മണൽ മാഫിയകളും ഊഹക്കച്ചവടക്കാരും ഇടതുപക്ഷത്തിന്‍റെ പ്രകടന പത്രികയിലില്ലെന്നും, പാർട്ടി അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തില്‍ പറയുന്നു. സിപിഐ മുഖപത്രമായ ജനയുഗം ‘ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക’ എന്ന ലേഖനത്തിലാണ് സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. ഐടി വകുപ്പ് നടത്തിയ കരാർ, കൺസൾട്ടൻസി നിയമനങ്ങളെല്ലാം അന്വേഷിക്കാൻ സർക്കാർ കൈക്കൊണ്ട തീരുമാനം സ്വാഗതാർഹമാണ്. വിദേശ കോൺസുലേറ്റ് ഓഫീസുകളുമായി ബന്ധപ്പെടുന്നതിനും നമ്മുടെ രാജ്യത്ത് വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളുമുണ്ട്. അത് ചിലർ ദുരുപയോഗം ചെയ്യുന്നു എന്നതും അന്വേഷിക്കേണ്ടതാണെന്നും, ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ.

വൻകിട വ്യവസായ ലോബികളും റിസോർട്ട് മണൽ മാഫിയകളും ഊഹക്കച്ചവടക്കാരും ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയ്ക്ക് അന്യമാണ്. അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനായി പല ”അവതാരങ്ങളും” ഈ ഗവൺമെന്റിനെയും സ്വാധീനിക്കാൻ ശ്രമിക്കുമെന്ന് മുൻകൂട്ടി കണ്ടവരാണ് കേരളത്തിലെ ഇടതുപക്ഷ നേതാക്കൾ. അത്തരം അവതാരങ്ങളുടെ വലയിൽ ഇടതുപക്ഷ നേതാക്കൾ വീഴുകയില്ലായെന്ന് ബോദ്ധ്യമായതുകൊണ്ടാവാം അവർ ഉന്നത ബ്യൂറോക്രാറ്റുകളെ സ്വാധീനിക്കാൻ ശ്രമിച്ചത്. അത്തരം ഉന്നതർ അവരുടെ വലയിൽ വീണിട്ടുണ്ടെങ്കിൽ അവർ തന്നെ അതിനുത്തരം പറയേണ്ടതായും വരും. ”ഉപ്പു തിന്നവർ ആരോ അവർ വെള്ളം കുടിക്കും” എന്ന് കേരളാ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

സർക്കാരിന്റെയും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും ഉന്നത ശ്രേണികളിൽ ഇരുന്നുകൊണ്ട് രാജ്യദ്രോഹ കുറ്റങ്ങൾക്ക് കൂട്ടുനിൽക്കുകയോ രാജ്യദ്രോഹികൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ സംരക്ഷണം നൽകുകയോ ചെയ്തിട്ടുള്ള ഒരാളും അവർ എത്ര ഉന്നതരായാലും നിയമത്തിന്റെ പഴുതുകളിൽ കൂടി പോലും രക്ഷപ്പെടാൻ പാടില്ല. വലമുറുക്കുന്നതിന് എത്ര സമയമെടുത്താലും അത് അധികമാവുകയില്ല. തെറ്റു ചെയ്തവരെ ഈ സർക്കാർ സംരക്ഷിക്കുകയില്ലാ എന്നതുകൊണ്ടാണ് എം ശിവശങ്കർ ഐഎഎസ് ഇപ്പോൾ സസ്പെൻഡ് ചെയ്യപ്പെട്ടത്.

ജൂൺ 30നാണ് എമിറേറ്റ്സ് വിമാനത്തിലെ കാർഗോയിൽ വിവാദമായ 15 കോടി രൂപയോളം വിലവരുന്ന 30 കിലോ സ്വർണം അടങ്ങിയ ”ഡിപ്ലോമാറ്റിക് ബാഗ്ഗേജ്” എന്നു വിളിക്കപ്പെട്ട ലഗേജ് യു എ ഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിൽ എത്തിയത്. കസ്റ്റംസിന്റെ പിടിയിലായവർ പറഞ്ഞതായി പുറത്തുവന്ന റിപ്പോർട്ട് പറയുന്നത് 2019 സെപ്തംബർ മുതൽ 2020 ജൂലൈ വരെയായി എട്ടുതവണ നയതന്ത്ര പരിരക്ഷയിൽക്കൂടി സ്വർണ കള്ളക്കടത്തു നടത്തിയിട്ടുണ്ട് എന്നാണ്. അങ്ങനെ കൊണ്ടുവരുന്ന സ്വർണം ജൂവലറികൾക്കു കൊടുക്കുക മാത്രമല്ല സ്വർണവും സ്വർണം വിറ്റുകിട്ടുന്ന പണവും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കുന്നു എന്ന റിപ്പോർട്ടുകൾ നമ്മെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നവയാണ്. സ്വർണ കള്ളക്കടത്തിനോടൊപ്പം രാജ്യദ്രോഹ പ്രവൃത്തികളിലും ഒരു വിദേശ രാജ്യത്തിന്റെ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിലെ അറ്റാഷെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ അത് അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളെ പിടിച്ചുലയ്ക്കുന്നതായിരിക്കും.

കേരളത്തിൽ നടന്ന സ്വർണ കള്ളക്കടത്തിനെ വെറും ഒരു പൈങ്കിളി കഥയാക്കി ചിത്രീകരിച്ച് യഥാർത്ഥ കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അവർ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കുന്നില്ല. ഇവിടെ കുറ്റവാളികൾ സ്ത്രീയോ പുരുഷനോ എന്നതല്ല പ്രധാനം. കള്ളക്കടത്തിന്റെ യഥാർത്ഥ ഡോണുകൾ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ഇതിൽ കണ്ണികളാക്കുന്നു. അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളെ അധികാരസ്ഥാനങ്ങളെ സ്വാധീനിക്കാൻ നിയോഗിക്കുന്നു. അവരെ ഐടി പ്രൊഫഷണൽ എന്ന നിലയിൽ വിദേശ കൺസൾട്ടൻസികളുടെയും കരാറുകളുടെയും മറവിൽ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നു.

തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ അല്ലെങ്കിൽ തന്നെയും അവരുടെ ആകർഷകമായ സംഭാഷണ ചാതുര്യവും പ്രസരിപ്പും ഒരു മുതലാളിത്ത സാമൂഹ്യവ്യവസ്ഥയിൽ അധികാരത്തിലിരിക്കുന്ന പലരെയും സ്വാധീനിക്കുന്നുണ്ടാവാം. വ്യവസായ വികസനത്തിന്റെ പേരിലും സമ്പദ്ഘടനാ വളർച്ചയ്ക്കുമെന്ന പേരിലും ഐടി സഹായത്താൽ വെറും കടലാസ് പ്രോജക്ടുകളുമായി ഭരണതലങ്ങളിൽ സ്വാധീനിക്കാനും സർക്കാർ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചന്മാരെ ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോൾ തിരിച്ചറിയണം. ഇത്തരം പ്രതിഭാസങ്ങൾ ഒരിക്കലും ആവർത്തിക്കാൻ പാടില്ല. എന്തായാലും ഐ റ്റി വകുപ്പ് നടത്തിയ കരാർ, കൺസൾട്ടൻസി നിയമനങ്ങളെല്ലാം അന്വേഷിക്കാൻ സർക്കാർ കൈക്കൊണ്ട തീരുമാനം സ്വാഗതാർഹമാണ്. വിദേശ കോൺസുലേറ്റ് ഓഫീസുകളുമായി ബന്ധപ്പെടുന്നതിനും നമ്മുടെ രാജ്യത്ത് വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളുമുണ്ട്. അത് ചിലർ ദുരുപയോഗം ചെയ്യുന്നു എന്നതും അന്വേഷിക്കേണ്ടതാണ്.

കഴിഞ്ഞ എത്രയോ വർഷങ്ങളായി നമ്മുടെ വിവിധ എയർപോർട്ടുകൾ കള്ളക്കടത്തിന്റെ കേന്ദ്രങ്ങളാണ്. കൂണുകൾ പോലെ നമ്മുടെ നാട്ടിൽ സ്വർണക്കടകൾ പെരുകിയിട്ടും ഇവയുടെ ഉറവിടം കണ്ടെത്താൻ ഇന്റലിജൻസോ കസ്റ്റംസോ മറ്റേതെങ്കിലും ഏജൻസികളോ ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. അതുകൊണ്ടുതന്നെ കള്ളക്കടത്ത് നിർബാധം തുടരുന്നു.

ഇക്കഴിഞ്ഞ ദിവസം ഒരു മാധ്യമ റിപ്പോർട്ടിൽ കണ്ടത് കേരളത്തിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ, കെപിഎംജി ഉൾപ്പെടെ 45 ൽ പരം കൺസൾട്ടൻസി സർവീസുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു എന്ന്. ഒഴിവാക്കാൻ കഴിയുന്ന ചൂഷണമാണ് ഇവർ നടത്തുന്നത്. പരസ്യ ടെൻഡർ ഇല്ലാതെ സർക്കാർ, അർദ്ധ സർക്കാർ, സഹകരണ സ്ഥാപന പദവികൾ ഉപയോഗിച്ച് കോടികളുടെ കരാർ നേടുകയും അത് വൻകിട‑ചെറുകിടക്കാർക്ക് സബ്‌ലെറ്റ് ചെയ്തുകൊണ്ട് (മറിച്ച് കൊടുത്ത്) കമ്മീഷൻ വാങ്ങിച്ചു മാത്രം പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളും നമുക്കുണ്ട്. ഇതെല്ലാം ഒഴിവാക്കേണ്ടുന്നതാണ്.

ഏതാനും വർഷങ്ങൾക്ക് മുൻപ് ഇന്ത്യാ-പാക് അതിർത്തിയിൽ നിന്നും പിടികൂടിയ തീവ്രവാദികളിൽ ചിലരെ ചോദ്യം ചെയ്തപ്പോൾ തൊഴിൽ രഹിതരായ യുവാക്കളെ സാമ്പത്തിക നേട്ടത്തിനു മാത്രമായി തീവ്രവാദ പ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യുന്ന കേരളീയരായ ചില അധമന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു എന്ന വാർത്ത ഞെട്ടലോടെ നാം കേട്ടു. ഇപ്പോൾ രാജ്യദ്രോഹ — തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ സ്വർണ കള്ളക്കടത്തു നടത്തുന്നവരും ഇവിടെയുണ്ട് എന്നത് സമ്പൂർണ സാക്ഷരത നേടിയ പ്രബുദ്ധ കേരളത്തിന് അപമാനകരമാണ്. ദേശീയ സുരക്ഷാ ഏജൻസിയും കസ്റ്റംസും പൊലീസും സ്വതന്ത്രമായി നടത്തുന്ന പഴുതടച്ച അന്വേഷണത്തിൽക്കൂടി രാജ്യത്തെ അസ്ഥിരീകരിക്കാൻ ശ്രമിക്കുന്ന മുഴുവൻ കറുത്ത ശക്തികളെയും പുറത്തു കൊണ്ടുവരാൻ കഴിഞ്ഞാൽ അത് രാജ്യത്തിനും സംസ്ഥാനത്തിനും ഏറെ അഭിമാനകരം തന്നെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button