keralaKerala NewsLatest NewsNews

രക്തക്കുഴലുകള്‍ പൊട്ടാം; പുറത്തെടുക്കുന്നത് റിസ്ക് ; നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയറുമായി സുമയ്യ ഇനിയുള്ള കാലം ജീവിക്കേണ്ടിവരും

ഗൈഡ് വയര്‍ ഹൃദയത്തിന്റെ ധമനിയോട് ഒട്ടിച്ചേര്‍ന്നു കിടക്കുകയാണെന്ന് നേരത്തെ വ്യക്തമായിരുന്നു

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെ യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് ദുഷ്‌കരമെന്ന് ആരോഗ്യ വിദഗ്ധർ. കുടുങ്ങിയ ഗൈഡ് വയറുമായി കാട്ടാക്കട കിള്ളി സ്വദേശിയായ എസ്.സുമയ്യ (26) ഇനിയുള്ള കാലം ജീവിക്കേണ്ടിവരുമെന്നു സൂചന നല്‍കി മെഡിക്കല്‍ ബോര്‍ഡ്. സര്‍ജറിക്കിടയില്‍ രക്തക്കുഴലുകള്‍ പൊട്ടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം സുമയ്യയെ ബോധ്യപ്പെടുത്തും. മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഗൈഡ് വയര്‍ ഹൃദയത്തിന്റെ ധമനിയോട് ഒട്ടിച്ചേര്‍ന്നു കിടക്കുകയാണെന്ന് നേരത്തെ വ്യക്തമായിരുന്നു. കഴിഞ്ഞ മാസമാണ് ഇതുസംബന്ധിച്ച് സുമയ്യയും കുടുംബവും പരാതി നല്‍കിയത്. വിഷയത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇടപെട്ടിരുന്നു. ജനറല്‍ ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

അതേസമയം, ഗൈഡ് വയര്‍ കുടുങ്ങിയതു മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ജീവിതകാലം മുഴുവന്‍ സുമയ്യ അനുഭവിക്കേണ്ടിവരുമെന്നും തുടര്‍ചികിത്സയുടെ ഉള്‍പ്പെടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുമയ്യയുടെ സഹോദരന്‍ സബീര്‍ പറഞ്ഞു. ചികിത്സാപിഴവിന് നഷ്ടപരിഹാരം നല്‍കണം. വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പ് തന്നെ സമ്മതിച്ചിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. ആരോപണവിധേയനായ ഡോക്ടര്‍ ഇപ്പോഴും ചികിത്സ തുടരുകയാണ്. കുറ്റക്കാര്‍ ആരെന്നു കണ്ടെത്തി ശിക്ഷാനടപടി ഉണ്ടാകണമെന്നും സബീര്‍ പറഞ്ഞു.

2023 മാര്‍ച്ചിലായിരുന്നു സുമയ്യ ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. സുമയ്യയുടെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുകയാണ് ചെയ്തത്. ഡോ. രാജീവ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഇതിന് ശേഷം എട്ട് ദിവസം തീവ്രപരിചണ വിഭാഗത്തില്‍ കഴിഞ്ഞു. കഴുത്തിലും കാലിലും ട്യൂബുകള്‍ ഇട്ടിരുന്നു. ശസ്ത്രക്രിയയുടെ മുറിവുകള്‍ ഉണങ്ങിയപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തു. ഇതിന് ശേഷം സുമയ്യയ്ക്ക് വലിയ രീതിയില്‍ ശ്വാസ തടസ്സവും കിതപ്പും അനുഭവപ്പെടുകയായിരുന്നു.

2025 മാര്‍ച്ചില്‍ കഫക്കെട്ട് വന്നപ്പോള്‍ വീടിനടുത്തുള്ള ക്ലിനിക്കില്‍ പോയി. അവിടുത്തെ ഡോക്ടര്‍ പറഞ്ഞതനുസരിച്ച് എക്‌സറെ എടുത്തപ്പോഴാണ് നെഞ്ചില്‍ വയര്‍ കുടുങ്ങിയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ രാജീവ് ഡോക്ടറെ സമീപിച്ചു. കീഹോൾ ശസ്ത്രക്രിയയിലൂടെ വയർ എടുത്തുനല്‍കാമെന്നായിരുന്നു ഡോക്ടര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.ഡോക്ടര്‍ രാജീവിനെ ആരോഗ്യ വിഭാഗം ഡയറക്ടര്‍ അടക്കം സംരക്ഷിക്കുകയാണെന്നും ഇതില്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യും. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സുമയ്യ വ്യക്തമാക്കിയിരുന്നു.

Blood vessels may burst; Taking out the risk; Sumayya will have to live with a guide wire stuck in her chest for the rest of her life

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button