കട്ടപ്പന, തൊടുപുഴ ഡിവൈഎസ്പിമാരുടെ വിവാദ സര്‍ക്കുലർ പിന്‍വലിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.

പൊലീസുകാർക്കു കോവിഡ് ബാധിച്ചാൽ വകുപ്പുതല നടപടി നേരിടേണ്ടി വരുമെന്ന കട്ടപ്പന, തൊടുപുഴ ഡിവൈഎസ്പിമാരുടെ വിവാദ സര്‍ക്കുലർ പിന്‍വലിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന ഉത്തരവുകൾ പാടില്ലെന്നും, പൊലീസുകാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മുതിർന്ന ഉദ്യോഗസ്ഥരുടേതാണെന്നും, ഇത്തരം സാഹചര്യം ഉണ്ടാകാതിരിക്കാൻ ഡിഐജിമാരും ഐജിമാരും ശ്രദ്ധിക്കണമെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടർന്ന് തൊടുപുഴ– കട്ടപ്പന ഡിവൈഎസ്പിമാരാണ് കഴിഞ്ഞ ദിവസം സർക്കുലർ പുറത്തിറക്കിയത്.
പൊലീസുകാര്‍ ഡ്യൂട്ടിയുടെ ഭാഗമായല്ലാതെ ക്വാറന്റീനില്‍ പോകേണ്ടി വന്നാല്‍ വകുപ്പുതല നടപടികള്‍ നേരിടേണ്ടി വരുമെന്നായിരുന്നു ഉത്തരവ്. ഡ്യൂട്ടിയില്‍ നിന്ന് അവധിക്ക് പോകുമ്പോള്‍ പൊലീസുകാര്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഏതെങ്കിലും തരത്തില്‍ ക്വാറന്റീനില്‍ പ്രവേശിക്കേണ്ട വന്നാല്‍ സ്വന്തം നിലയ്ക്ക് ചെലവു വഹിക്കുകയും നടപടിക്കു വിധേയരാകേണ്ടിവരുമെന്നായിരുന്നു സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. പൊലീസ് ഉദ്യോഗസ്ഥർക്കു കോവിഡ് കാലത്ത് പാലിക്കേണ്ട നിയന്ത്രണങ്ങളും മുൻകരുതലുകളും വ്യക്തമാക്കി ജില്ലാ പൊലീസ് മേധാവി എ.കറുപ്പസ്വാമി ഇറക്കിയ ഉത്തരവിനു പിന്നാലെയായിരുന്നു ഡിവൈഎസ്പിമാരുടെ വിവാദ സർക്കുലർ ഉണ്ടായത്.