സ്വർണ്ണക്കടത്ത് തുടരുന്നു, കരിപ്പൂരിൽ 1.2 കിലോ സ്വർണം പിടിച്ചു.

യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബ്യാഗ് വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ടു എൻ.ഐ.എ ഉൾപ്പെടെയുള്ള ഏജൻസികൾ കേരളത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നത് തുടരുമ്പോഴും കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത് തുടരുകയാണ്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരിൽ നിന്നായി കസ്റ്റംസ് 1.2 കിലോ സ്വർണമാണ് പിടിച്ചെടുത്തത്.
കോഴിക്കോട് കട്ടിപ്പാറ സ്വദേശി അബ്ദുൾ ജബ്ബാർ, മലപ്പുറം കുറുമ്പാലക്കോട് സ്വദേശി മുഹമ്മദ്, എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.
ജിദ്ദയിൽ നിന്നെത്തിയ മുഹമ്മദിൽ നിന്നും 848 ഗ്രാം സ്വർണമാണ് പിടികൂടിയത്. വാതിലിൻ്റെ പിടിയിൽ ചെറിയ സിലിണ്ടർ രൂപത്തിൽ ആക്കി ഒളിപ്പിച്ചാണ് മുഹമ്മദ് സ്വർണം കടത്തികൊണ്ടു വന്നത്. അബ്ദുൾ ജബ്ബാർ ദോഹയിൽ നിന്നാണ് കരിപ്പൂരിലെത്തിയത്. ഇയാളിൽ നിന്നും 449 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇത് കടത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച രണ്ടു പേരിൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് മാത്രം വിപണിയിൽ 60 ലക്ഷം രൂപയോളം വില വരും.