വയനാട്ടിൽ തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണാക്കി,

വയനാട് ജില്ലയിലെ തൊണ്ടര്‍നാട്, എടവക ഗ്രാമപഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു. വാളാട് പ്രദേശത്ത് ആശങ്കാജനകമായ രീതിയില്‍ കോവിഡ് വ്യാപനത്തിനിടയായ മരണാനന്തര- വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തവര്‍ ഈ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലുമുള്ള പശ്ചാത്തലത്തിലാണ് തീരുമാനം. വാളാട് ഉള്‍പ്പെടുന്ന തവിഞ്ഞാല്‍ പഞ്ചായത്തും നിലവില്‍ പൂര്‍ണമായും കണ്ടെയ്ന്‍മെന്റാണ്.
ഇവിടങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുകയെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവിടങ്ങളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് നടപടികള്‍ കര്‍ശനമാക്കും. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചതായും കലക്ടര്‍ അറിയിച്ചു. ഈ മേഖലകളില്‍ പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ള എല്ലാവരും അടിയന്തരമായി പി.എച്ച്.സികളില്‍ റിപ്പോര്‍ട്ട് ചെയ്യണം.
പൂര്‍ണ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച തവിഞ്ഞാല്‍, തൊണ്ടര്‍നാട്, എടവക, മാനന്തവാടി എന്നീ നാല് തദ്ദേശ സ്ഥാപനങ്ങളില്‍ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകളോ അഞ്ച് പേരില്‍ കൂടുതലുള്ള മരണാനന്തര ചടങ്ങുകളോ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ എവിടെയും 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന വിവാഹ ചടങ്ങുകള്‍ പാടില്ല. വിവാഹ ചടങ്ങുകള്‍ നടത്തുന്നവര്‍ ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രം, പൊലീസ് സ്റ്റേഷന്‍, പഞ്ചായത്ത് എന്നിവിടങ്ങളില്‍ അറിയിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന വിവാഹ ചടങ്ങുകളെ കുറിച്ച് ജനങ്ങള്‍ പൊലീസിനും ആരോഗ്യ വകുപ്പിനും വിവരം നല്‍കണമെന്നും ജനപ്രതിനിധികള്‍ ഇതിന് മുന്‍കയ്യെടുക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.