നയതന്ത്ര ബാഗ് വഴി സ്വർണക്കടത്ത്, ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും.

തിരുവനന്തപുരത്ത് യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗ് വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുക. സ്വർണം നയതന്ത്ര ബാഗിൽ എത്തിയതിൽ പിന്നെ കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജയഘോഷ് നിരവധി തവണ ഫോണിൽ വിളിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് ഇത്. ജയഘോഷിന് സ്വർണക്കടത്തിൽ പങ്കുള്ളതായി കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു.

രണ്ട് ദിവസമായി സ്വപ്നയേയും സന്ദീപിനേയും കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇവരിൽ നിന്ന് കിട്ടിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ജയഘോഷിനെ ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരത്ത് സ്വർണം പിടിച്ചെടുത്ത ദിവസം ജയഘോഷ് നിരവധി തവണ സ്വപ്നയെ വിളിച്ചതായി കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യങ്ങൾ ആണ് ചോദിച്ചറിയുന്നത്. സ്വർണ്ണ ക്കടത്ത് സംഭവം വിവാദമായതോടെ
യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനായിരുന്ന ജയഘോഷിനെ കാണാതാവുകയുണ്ടായി. തുടർന്ന് കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വർണ്ണക്കടത്ത് പ്രതികൾക്ക് ജയഘോഷ് സഹായങ്ങൾ ചെയ്തു വന്നിരുന്നു എന്നാണ് മറ്റുപ്രതികളുടെ മൊഴികൾ
വിരൽ ചൂണ്ടുന്നത്.