കോവിഡ് എന്ന മഹാരോഗത്തിന് വി ഐ പിയെയും, സാധാരണക്കാരനെയും തിരിച്ചറിയില്ല, ആരാണീ കോവിഡ് വി ഐ പികൾ?.

കോവിഡിലും സംസ്ഥാന സർക്കാർ വി ഐ പികളെ സൃഷ്ട്ടിക്കുകയാണോ. കോവിഡിനെ പ്രതിരോധിക്കാൻ പെടാപ്പാട് പെടുന്നതിനിടയിൽ, ഇനിയും ലോകത്ത് മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത രോഗം പിടിപെടുന്നവർക്കിടയിൽ എന്തിനാണീ, ആരാണീ, കോവിഡ് വി ഐ പി കൾ. കോവിഡ് എന്ന മഹാരോഗത്തിന് വി ഐ പിയെയും, സാധാരണക്കാരനെയും തിരിച്ചറിയില്ല. വൈറസിന് മനുഷ്യ ശരീരം മാത്രമേ ലക്ഷ്യമുള്ളൂ.
കോവിഡ് വ്യാപനം ശക്തമാകുന്നനിടെ കോവിഡ് വി.ഐ.പികള്‍ക്ക് ചികില്‍സക്ക് പ്രത്യേക സൗകര്യം ഒരുക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവ് വിവാദമായിരിക്കുന്നത് ഇത് മൂലമാണ്. സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളില്‍ വിഐപി മുറികളൊരുക്കാനാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുന്നത്. ചികിത്സക്കായി കഴിയുന്ന മുറികൾക്ക് വി ഐ പി പരിഗണന നൽകുമ്പോൾ ചികിത്സയിലും, ആ പരിഗണന നൽകുമോ. ഉത്തരം കിട്ടാത്ത ചോദ്യമാണിത്.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയും ലക്ഷണമില്ലാത്തവര്‍ക്ക് പോലും രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയുമാണ് ഉള്ളത്. ആരോഗ്യപ്രവർത്തകർക്ക് രോഗ ബാധ ഉണ്ടാകുന്നതും, ആരോഗ്യ പ്രവർത്തകരുടെ കുറവും പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ ഡോക്ടർമാരെയും, മറ്റു ജീവനക്കാരെയും ആരോഗ്യ മേഖലയിലേക്ക് നിയോഗിക്കുന്ന അവസ്ഥയിലുമാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് അരയും തലയും മുറുക്കി സർക്കാർ പ്രവർത്തിക്കുന്നതിനിടെയാണ് സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളില്‍ വിഐപി മുറികളൊരുക്കാനുള്ള നിർദേശം ഉണ്ടായിരിക്കുന്നത്.
ലക്ഷണമില്ലാത്ത രോഗികൾ വീടുകളില്‍ തന്നെ ചികിത്സ തേടാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് കഴിഞ്ഞ ദിവസമാണ്. പ്രതിഷേധം ഉയർന്നിരിക്കുന്ന സംഭവമാണിത്. ഓരോ കൊവിഡ് ആശുപത്രികളിലും മൂന്ന് മുറികള്‍ വീതം വിഐപികള്‍ക്കായി തയ്യാറാക്കി വെക്കാനാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നൽകിയിരിക്കുന്നത്. വിഐപി സൗകര്യമുള്ള മെഡിക്കല്‍ കോളേജുകളില്‍ മുറികള്‍ പഞ്ചനക്ഷത്ര സൗകര്യത്തിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്.
ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാനത്തെ 29 കൊവിഡ് ആശുപത്രികളിലും വിഐപി മുറികള്‍ ഒരുക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നു. ഓരോ ജില്ലയിലെയും പ്രധാന സര്‍ക്കാര്‍ ആശുപത്രികളോ മെഡിക്കല്‍ കോളേജുകളോ ആണ് കൊവിഡ് ആശുപത്രിയായി മാറ്റിയത്. ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും ഉള്‍പ്പടെ രോഗം സ്ഥിരീകരിക്കുകയും പല വിഭാഗങ്ങളിലും ചികിത്സ പ്രതിസന്ധിയിലാവുകയും ചെയ്ത സാഹചര്യം നിലനില്‍ക്കെയാണ് വിഐപികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. കാരുണ്യ പദ്ധതിയില്‍ അംഗമല്ലാത്തവര്‍ ചികിത്സയ്ക്ക് പണം നല്‍കണം എന്നാണു പറഞ്ഞിട്ടുള്ളത്. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് പരിധിയില്‍ കവിഞ്ഞ നിരക്ക് ഈടാക്കാനാകുമെന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. സര്‍ക്കാര്‍ റഫര്‍ ചെയ്യുന്നവര്‍ക്ക് ചികിത്സ സൗജന്യമാണ്. കൊവിഡ് കവച് , കൊവിഡ് രക്ഷാ ഇന്‍ഷുറന്‍സ് എന്നിവ ഉള്ളവര്‍ക്ക് ബന്ധപ്പെട്ട ആശുപത്രികളില്‍ സൗജന്യം ലഭിക്കും. അതേസമയം സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിക്കരുതെന്നും സര്‍ക്കാര്‍ മാര്‍ഗരേഖയില്‍ പറയുന്നു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റഫര്‍ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും കൊവിഡ് ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവും മാര്‍ഗ നിര്‍ദേശങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരം കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെ പദ്ധതിയില്‍ അംഗങ്ങളാക്കി വരുന്നതായും കൊവിഡ് ചികിത്സ ലഭ്യമാക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്നും വ്യക്തമാക്കുന്നുണ്ട്.