വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്നവർക്ക് ക്വാറൻ്റൈനിൽ ഇളവുകൾ നൽകി.

വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്നവർക്ക് ക്വാറൻ്റൈനിൽ ഇളവുകൾ നൽകി കേന്ദ്രസര്‍ക്കാര്‍ പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ഓഗസ്റ്റ് എട്ടു മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തിൽ വരിക. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം 15 ദിവസത്തെ നിര്‍ബന്ധിത ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറൻ്റൈൻ ഒഴിവാക്കുകയാണ്. ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈനും ഏഴു ദിവസത്തെ വീട്ടു നിരീക്ഷണവുമാണ് പുതിയ മാര്‍ഗനിര്‍ദേശത്തിൽ പറഞ്ഞിട്ടുള്ളത്.
പ്രത്യേക സാഹചര്യങ്ങളിൽ ഇനി മുതൽ യാത്രക്കാര്‍ക്ക് ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറൻ്റൈനിൽ നിന്ന്ഇളവ് നേടാൻ സാധിക്കും, ഗര്‍ഭിണികള്‍ക്കും ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ ഒഴിവാക്കുന്നത്. ഇതിനു പുറമെ 10 വയസിൽ താഴെ പ്രായമുള്ള കുട്ടികളുായി വരുന്നവര്‍ക്കും ഇളവ് നല്‍കും. ഇവര്‍ ഓൺലൈൻ പോര്‍ട്ടൽ വഴി ഇതിനായി അപേക്ഷ നല്‍കണം. ഈ വിഭാഗങ്ങളിൽ ഒന്നും ഉള്‍പ്പെടാത്തവര്‍ക്കും യാത്ര പുറപ്പെടുന്നതിനു 96 മണിക്കൂര്‍ മുൻപെങ്കിലും നടത്തിയ കൊവിഡ് ആര്‍ടി – പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കിയാലും ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറൻ്റൈൻ ഒഴിവാക്കി നൽകാനാണ് തീരുമാനം. ഇത്തരക്കാര്‍ക്ക് 14 ദിവസം വീട്ടുനിരീക്ഷണം മാത്രം മതിഎന്നാണ് നിർദേശിച്ചിട്ടുള്ളത്.
വിദേശ രാജ്യങ്ങളിൽ നിന്ന് നാട്ടിൽ എത്തുന്നവർ പുതിയ മാർഗ്ഗ നിർദ്ദേശ പ്രകാരം നിർബന്ധമായും, സത്യവങ്മൂലം സമർപ്പിക്കണമെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 28 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ നിന്ന് 14 ദിവസമായി ചുരുങ്ങിയ സാഹചര്യത്തിൽ, നാട്ടിലെത്തുന്ന ആദ്യ 7 ദിവസം സ്വന്തം ചിലവിൽ പുറത്തും, അവശേഷിക്കുന്ന 7 ദിവസം വീട്ടിൽ സ്വയം ക്വാറന്റൈൻ ഇരിക്കുമെന്നാണ് സത്യവാങ്മൂലം നൽകേണ്ടത്. യാത്ര തുടങ്ങുന്നതിന് 72 മണികൂർ മുൻപ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കണം. http://newdelhiairport.in എന്ന വെബ്സൈറ്റ് വഴിയാണ് സത്യവാങ്മൂലം നൽകേണ്ടത്.