കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അലംഭാവവും വിട്ടുവീഴ്ചയും ഇപ്പോഴത്തെ അവസ്ഥക്ക് ഇടയാക്കി. ഇക്കാര്യം കുറ്റസമ്മതത്തോടെ എല്ലാവരും ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിർവഹിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം തുറന്നു പറഞ്ഞത്.
മഹാമാരിയെ നേരിടുമ്പോള്‍ രാജ്യവും ലോകവും പലഘട്ടങ്ങളിലും കേരളത്തിന്റെ പേര് എടുത്തു പറഞ്ഞിരുന്നു. ഇതിന് കാരണം സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളാണ്. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ വിദേശത്തുനിന്നുള്ളവര്‍ എത്തുന്ന വേളയില്‍ പോലും സംസ്ഥാനത്ത് കര്‍ശനമായ ജാഗ്രത നിലനിന്നിരുന്നു. മഹാമാരിയെ നേരിടുന്നതിൽ എല്ലാവരുടെയും ഭാഗത്തുനിന്ന് വലിയതോതിലുള്ള പിന്തുണയാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. പിന്നീടുണ്ടായ അലംഭാവം മഹാമാരി പടരുന്നതിന് ഇടയാക്കി. ഈ മഹാമാരിയെ പിടിച്ചുകെട്ടുന്നതിന് ശാരീരിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. ക്വാറന്റീനിൽ കഴിയേണ്ടവർ നിർബന്ധമായും വിട്ടുവീഴ്ച ചെയ്യരുത്. രോഗം പകരാതിരിക്കാൻ നല്ല രീതിയിൽ മുൻകരുതലുകൾ മുൻപ് സ്വീകരിച്ചിരുന്നു. പല കാരണങ്ങൾ കൊണ്ട് ഇതൊന്നും സാരമില്ലെന്ന ധാരണ പിന്നീടുണ്ടായതാണ് ഇന്നത്തെ അവസ്ഥക്ക് കാരണമായത്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങൾ നാം കുറ്റബോധത്തോടെ ആലോചിക്കണം. ഉത്തരവാദികളോരോരുത്തരും അത് ഓര്‍ക്കുന്നത് നല്ലതാണ്. ഇനിയെങ്കിലും ഇതിനെ തടയാന്‍ ഒരേ മനസോടെ നീങ്ങാന്‍ എല്ലാവരുടെയും സഹകരണവും പിന്തുണയും വേണമെന്നും അദ്ദേഹം പറഞ്ഞു. പരാതികൾ ഉയർന്നാൽ ഇനി കർശന നടപടിയെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.