CovidKerala NewsLatest NewsLocal NewsNews

കോവിഡ് വ്യാപനം തടയാൻ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പൊലീസ് പണി തുടങ്ങി.

കേരളത്തിൽ കോവിഡ് വ്യാപനം തടയാൻ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പൊലീസ് പണി തുടങ്ങി. ഒരു തരത്തിലുള്ള ഇളവുകളും ഇനി ഉണ്ടാവില്ലെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുമാണ് ഡി.ജി.പിയുടെ നിര്‍ദേശം നൽകിയിട്ടുള്ളത്.
വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിര്‍ദേശിച്ച് പുതിയ സര്‍ക്കുലറും ഡി.ജി.പി ഇറക്കിയിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേസമയം ആറ് പേരെ മാത്രമേ ഇനി അനുവദിക്കുകയുള്ളൂ. വലിയ സൂപ്പര്‍ മാര്‍ക്കറ്റാണെങ്കില്‍ 12 പേരെ അനുവദിക്കും.
ബാങ്കുകള്‍ ഉപഭോക്താക്കളെ സമയം മുന്‍കൂട്ടി അറിയിച്ച് മാത്രമേ ബാങ്കുകളിലേക്ക് ആളുകളെ കടത്തിവിടാവൂ എന്നും സര്‍ക്കുലറില്‍ പറയുന്നു. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഐ.ജി മുതലുള്ള ഉദ്യോഗസ്ഥരോട് ഡി.ജി.പി ആവശ്യപ്പെട്ടിരിക്കുകയാണ്. സാമൂഹ്യ അകലം പാലിക്കാനുള്ള നടപടി ക്രമങ്ങള്‍ ശക്തമാക്കണമെന്ന നിര്‍ദേശമാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പി നല്‍കിയിരിക്കുന്നത്.

മാര്‍ജിന്‍ഫ്രീ ഉള്‍പ്പെടെയുളള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നൂറ് ചതുരശ്രമീറ്ററിന് ആറ് പേര്‍ എന്ന നിലയില്‍മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശത്തിൽ പറയുന്നു. വളരെ അത്യാവശ്യം ജീവനക്കാരെ മാത്രമേ സ്ഥാപനങ്ങളില്‍ നിയോഗിക്കാവൂ. കൂടാതെ ഉപഭോക്താക്കള്‍ക്ക് കാത്തുനില്‍ക്കാന്‍ വേണ്ടി കടകള്‍ക്കു മുന്നില്‍ സാമൂഹിക അകലം പാലിച്ച് വൃത്തം വരയ്ക്കേണ്ടതാണ്. ഇത്തരം കടകളില്‍ ഉപഭോക്താവിന് ചെലവഴിക്കാനുളള പരമാവധി സമയം നിജപ്പെടുത്തണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് പ്രവേശിക്കാനാകാത്ത ചെറിയ കടകള്‍ക്ക് മുന്നില്‍ വൃത്തം വരച്ച് കൃത്യമായ സാമൂഹിക അകലത്തോടെ ഉപഭോക്താക്കളെ വരി നിര്‍ത്തേണ്ട ഉത്തരവാദിത്തം കട ഉടമകള്‍ക്കായിരിക്കും. സാമൂഹിക അകലം ലംഘിക്കുന്ന തരത്തിലുളള ഒരു പ്രവൃത്തികളും ബാങ്കുകള്‍ മുതലായ സാമ്പത്തിക സ്ഥാപനങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല. അവയ്ക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്നതും ഒഴിവാക്കണം. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊളളുന്ന പോസ്റ്ററുകള്‍ കടകള്‍ക്ക് മുന്നില്‍ പതിക്കാന്‍ നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പല സ്ഥലത്തും ഇത് പാലിച്ചതായി കാണുന്നില്ല. ഈ സാഹചര്യത്തില്‍ ഇക്കാര്യം നേരിട്ട് പരിശോധിക്കാന്‍ പോലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ ടീം വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. കടകൾക്കു മുന്നിലും അകത്തും മലയാളത്തിലും ഇംഗ്ലീഷിലുമാണ് പോസ്റ്റർ പതിക്കേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button