മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകള്‍ വീരപ്പന്റെ താവളമായ സത്യമംഗലം കാടുപോലെ….

കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെയും സി പി എം മന്ത്രിമാരുടെയും ഓഫീസുകള്‍ വീരപ്പന്റെ താവളമായ സത്യമംഗലം കാടുപോലെ എന്ന് വീക്ഷണത്തിന്റെ മുഖപ്രസംഗം. വീരപ്പന്റെ മാത്രമല്ല മുംബൈയിലെ അധോലോക രാജാക്കന്മാരെ തോല്‍പ്പിക്കുന്ന ക്രിമിനല്‍ സങ്കേതമാണ് സംസ്ഥാന ഭരണത്തിന്റെ ചക്രം തിരിക്കുന്നവരുടെ തട്ടകങ്ങള്‍ എന്നാണ് വീക്ഷണം മുഖപ്രസംഗം പറയുന്നത്.
അരക്കള്ളന്മാരായി വാഴുന്ന ഉദ്യോഗസ്ഥരുടെയും മുക്കാല്‍ കള്ളന്മാരായി ഭരിക്കുന്ന മന്ത്രിമാരുടെയും ഓഫീസുകളിലെ നിത്യസന്ദര്‍ശകരാണ് മുഴുകള്ളന്മാരായ സ്വര്‍ണക്കടത്തുകാര്‍. സ്വര്‍ണക്കടത്ത് മാഫിയകള്‍ മുതല്‍ കൈവെട്ട് കേസിലെ തീവ്രവാദികള്‍ വരെ ഇവിടം ലാവണമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സര്‍വാധികാരിയായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും സ്വര്‍ണകടത്തുകാരി സ്വപ്ന സുരേഷും തുറന്നുകൊടുത്ത വാതിലുകളിലൂടെയാണ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഹൈപ്പര്‍ മാര്‍ക്കറ്റായ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അഴിമതികളുടെയും പിന്‍വാതില്‍ നിയമനങ്ങളുടെയും സൂപ്പര്‍ മാര്‍ക്കറ്റുകളായ മന്ത്രിമാരുടെയും ഓഫീസുകളിലേക്ക് മാഫിയ സംഘങ്ങള്‍ വിലക്കും പരിശോധനയും കൂടാതെ യഥേഷ്ടം കടന്നുവരുന്നത്. അങ്ങിനെ വരുന്ന സാറന്‍മാരും മാഡങ്ങളും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വേണ്ടപ്പെട്ട വി വി ഐ പികളാണ്. സ്പ്രിംക്‌ളറില്‍ തുടങ്ങി ബെവ്ക്യുവിലൂടെ ഇ-മൊബിലിറ്റിയില്‍ എത്തിയപ്പോഴേക്കും സര്‍ക്കാരിന്റെ അധോലോക മുഖം കൂടുതല്‍ അനാവരണം ചെയ്യപ്പെട്ടത് സ്വര്‍ണക്കടത്ത് പിടികൂടിയതോടെയാണ്. കഴിഞ്ഞമാസം പിടികൂടിയത് മഞ്ഞുമലയുടെ തുണ്ടായിരുന്നുവെങ്കില്‍ ആറുമാസത്തിനുള്ളില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കടത്തിക്കൊണ്ടുവന്നത് 700 കിലോഗ്രാം സ്വര്‍ണമായിരുന്നത്രെ. അതിദുരൂഹവും അതീവ രഹസ്യവുമായ സ്വര്‍ണ കടത്തില്‍ സ്വപ്നയും സരിത്തും മാത്രമല്ല തീവ്രവാദത്തിന്റെ ധനസ്രോതസ്സുകളുമുണ്ട്. ശിവശങ്കറില്‍ നിന്നും സ്വപ്നയില്‍ നിന്നും തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നീണ്ട ചങ്ങല എത്തിനില്‍ക്കുന്നത് വിട്ടയക്കപ്പെട്ട കൈവെട്ട് കേസിലെ പ്രതിയിലാണ്.
രാജ്യസുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും തകര്‍ക്കുന്ന ഇത്തരം സാമൂഹ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പണിശാലയാണോ മുഖ്യമന്ത്രിയുടെ ഓഫീസ്. തന്റെ വകുപ്പിലും സഹമന്ത്രിമാരുടെ വകുപ്പുകളിലും നടക്കുന്ന ലക്ഷങ്ങളുടെ വേതനമുള്ള നിയമനങ്ങള്‍ താനറിയാതെയാണെന്ന ഇരട്ടച്ചങ്കനായ മുഖ്യമന്ത്രിയുടെ നിഷേധം ഊരിപിടിച്ച കൊലവാളിനും ഉയര്‍ത്തിപ്പിടിച്ച കൊലക്കത്തികള്‍ക്കും നടുവിലൂടെ തലയുയര്‍ത്തി നടന്ന പഴയ ബ്രണ്ണന്‍ കോളജ് വിജയനാണോ ‘ഞാനറിയില്ല’ എന്ന നിഷേധം നടത്തുന്നത്? ഇത്തരത്തില്‍ മൂക്കോളം അഴിമതിയില്‍ മുങ്ങിനില്‍ക്കവെയാണ് കുപ്രസിദ്ധമായ ഗുഡ്‌വിന്‍ ജ്വല്ലറി കേസിലെ മുഖ്യപ്രതികളായ രണ്ട് സഹോദരന്മാരുമായി മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മറ്റുചില മന്ത്രിമാര്‍ക്കുമുള്ള ആത്മബന്ധത്തിന്റെ വാര്‍ത്ത പുറത്തുവന്നത്. മഹാരാഷ്ട്രയില്‍ നിന്നും കേരളത്തില്‍ നിന്നും ഗുഡ്‌വിന്‍ ജ്വല്ലറിക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും നിക്ഷേപം സ്വീകരിച്ച് നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയ സഹോദരന്മാരാണ് സുനില്‍കുമാറും സുധീഷ്‌കുമാറും. പിണറായി വിജയന് പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്നതും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, എ സി മൊയ്തീന്‍ എന്നിവരൊത്തുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും അത് നിഷേധിക്കാത്തവര്‍ മടിയില്‍ കനമുള്ളതുകൊണ്ടുതന്നെയാണ് മൗനം പാലിക്കുന്നത്. സാധാരണക്കാരും ഇടത്തരക്കാരും പ്രവാസികളുമായി നൂറുകണക്കിന് ആളുകളില്‍ നിന്ന് വലിയ ലാഭം വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇവര്‍ അഞ്ഞൂറ് കോടിയിലേറെ രൂപ തട്ടിയെടുത്തത്. നിരവധി കേസുകളില്‍ പ്രതികളാണെന്നറിഞ്ഞിട്ടും സി പി എം നേതാക്കള്‍ ഇവരുടെ ആതിഥേയത്വം സ്വീകരിച്ച് ഔദാര്യം പറ്റുകയായിരുന്നു.
പാര്‍ട്ടിയെയും ഭരണകൂടത്തെയും പിടിച്ചുലയ്ക്കുന്ന അഴിമതികളുടെയും ക്രിമിനല്‍ ബന്ധങ്ങളുടെയും വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആരോപണമുന്നയിക്കുന്നവരെ നിശബ്ദരാക്കാന്‍ പ്രലോഭനങ്ങളും ഭീഷണികളും നടക്കുന്നു. ഭരണത്തിന്റെയും പാര്‍ട്ടിയുടെയും അമരവും അണിയവും കാക്കുന്നത് പിണറായി തന്നെയായതുകൊണ്ട് പാര്‍ട്ടിക്കുള്ളിലും അഴിമതിക്കഥ മുഖ്യമന്ത്രിക്ക് വിശദീകരിക്കേണ്ടിവരുന്നു. ഭരണം വീട്ടുകാര്യംപോലെ കൊണ്ടുനടക്കുന്ന പിണറായി ശൈലിക്കെതിരെ ചുണകാട്ടിയ സി പി ഐയെപ്പോലും നിശബ്ദരാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. അഴിമതി ഒരു കൂട്ടുകൃഷിയാക്കി എല്ലാവരുടെ കൈകളിലും പിണറായി പാപക്കറ പുരട്ടുകയാണ്. സിവില്‍ സപ്ലൈസിലെ ക്രമക്കേടുകള്‍ പൊക്കികാട്ടിയാണ് സി പി ഐ നേതാക്കളെ മുഖ്യമന്ത്രി വിരട്ടുന്നത്. ചക്കരക്കുടം കിട്ടിയവനൊക്കെ കൈയ്യിട്ടുവാരുന്നു. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത വകുപ്പുള്ള മന്ത്രിമാരും കിട്ടിയതുവാങ്ങി കീശയിലിടുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലും കേരളത്തിന്റെ ചരിത്രത്തിലും ഇത്രയേറെ അഴിമതി നടമാടിയ കാലമുണ്ടായിട്ടില്ല. അധ്വാനത്തിന്റെ വിയര്‍പ്പ് വീണ മണ്ണിന് വേണ്ടിയായിരുന്നു കഴിഞ്ഞ തലമുറയിലെ കമ്മ്യൂണിസ്റ്റുകാര്‍ പൊരുതിയിരുന്നത്. കാലത്തിനും കോലത്തിനും മാറ്റംവന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകാരുടെ ആദര്‍ശങ്ങളും ആവശ്യങ്ങളും മാറി. കൃഷിഭൂമി കര്‍ഷകനെന്ന മുദ്രാവാക്യം ‘നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ’ എന്ന പാട്ടും തെരുവിലെറിഞ്ഞ് മണ്ണിനും പെണ്ണിനും പൊന്നിനും പൊരുതുന്ന പാര്‍ട്ടിയായി സി പി എം മാറിയിരിക്കുന്നു. ത്യാഗഭരിത കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ നിന്ന് ഭോഗഭരിത കമ്മ്യൂണിസത്തിലേക്കും പാലോറ മാതയില്‍ നിന്ന് സ്വപ്ന സുരേഷിലേക്കുമുള്ള യാത്രയില്‍ സി പി എമ്മിന് നഷ്ടമായത് പ്രത്യയശാസ്ത്ര മഹത്വവും സഹന സമരങ്ങളുടെ പാരമ്പര്യവുമാണെന്നാണ് വീക്ഷണം കുറ്റപ്പെടുത്തുന്നു.