മുഖ്യനെന്തിന് ഭയക്കണം,ഉപ്പുതിന്നവൻ അല്ലെ വെള്ളം കുടിക്കൂ.
NewsKeralaPoliticsNationalLocal News

മുഖ്യനെന്തിന് ഭയക്കണം,ഉപ്പുതിന്നവൻ അല്ലെ വെള്ളം കുടിക്കൂ.

സെക്രട്ടേറിയറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമായും പറഞ്ഞത് ഫയൽ ചോർച്ചയെ പറ്റി. മുഖ്യൻ വിളിച്ചു ചേർത്ത യോഗത്തിലെ മുഖ്യചർച്ചയും ഫയൽ ചോർച്ച തന്നെയായിരുന്നു.
ഒന്നര ലക്ഷത്തോളം ഫയലുകളാണ് സെക്രട്ടറിയേറ്റില്‍ കനിവ് കത്ത് കെട്ടിക്കിടക്കുന്നെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടർന്നായിരുന്നു മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു കൂട്ടിയത്. കൃത്യമായി പറഞ്ഞാൽ 1,54,781 ഫയലുകളാണ് തീർപ്പ് കാത്ത് സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്നത്. എന്നാൽ യോഗം കൂടിയപ്പോൾ അതിന്റെ ലക്ഷ്യവും സ്വഭാവവും ഒക്കെ മാറി. കെട്ടിക്കിടക്കുന്ന ഫയലുകളുടെ കാര്യം ജനകീയ പ്രശ്നമായതിനാൽ അതിനേക്കാൾ യോഗത്തിൽ പ്രാധാന്യത്തോടെ ചർച്ച ചെയ്തത്, മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും ഓഫീസിലെ സ്വകാര്യത വിഷയമായിരുന്നു.

സെക്രട്ടേറിയറ്റ് ഫയലുകളിലെ വിവരങ്ങൾ ചോരുന്നതിൽ മുഖ്യമന്ത്രി ആശങ്കപ്പെടുകയും, ഭയപ്പെടുകയും ചെയ്യുന്നു. മുഖ്യന് മാത്രമല്ല പലമന്ത്രിമാർക്കും ഈ ഭയം ചേക്കേറിയിരിക്കുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ നിന്നടക്കം ഇ–ഫയലുകൾ ചോരുന്നതായി മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാരിൽ ചിലർ ആക്ഷേപമുന്നയിച്ചിരുന്നു. എന്താണീ ഫയൽ എന്നതും, എന്താണീ ചോർച്ചയെന്നതുമാണ് മനസ്സിലാകാത്തത്. ഈ ഫയലുകൾ ആരുടേ എന്നതാണ് മുഖ്യമന്ത്രിയും, മന്ത്രിമാരും തിരിച്ചറിയാത്തത്. അല്ലെങ്കിൽ അറിയാമായിരുന്നിട്ടും അറിയില്ലെന്ന മട്ടിൽ ശിവശങ്കരന്റെ കാര്യം പോലെ ജനത്തെ വിഡ്ഢികളാക്കാൻ നോക്കുകയാണോ. ഈ ഫയലുകൾ സംസ്ഥാനത്തെ ജനത്തിന്റെ ഫിയലുകളാണ്. അതിനുള്ളിലുള്ളത് മുഖ്യന്റെ വാക്കുകൾ തന്നെ കടമെടുത്തു പറഞ്ഞാൽ, ഓരോ ഫയലുകളിലും നിലകൊള്ളുന്നത് കുടുംബത്തിന്റേയും വ്യക്തിയുടേയും നാടിന്റേയും ജീവിതമാണെന്നും ഇനിയെങ്കിലും തിരിച്ചറിയണം.

സുതാര്യമായ ഭരണമെന്ന് നാഴികക്ക് 40 വട്ടം തള്ളുമ്പോൾ ഒന്നോർക്കണം, ഒരു ജനാധിപത്യ ഭരണത്തിൽ ഒന്നും ജനങ്ങളിൽ നിന്നും മറച്ചുവെക്കാണ് പാടില്ലെന്ന്. അല്ലെങ്കിൽ ജനങ്ങൾ അറിയാൻ പാടില്ലാത്തതായ രഹസ്യങ്ങൾ ഇല്ലെന്ന്. രാജ്യ സുരക്ഷയുമായി ബന്ധപെട്ടതൊഴികെ, രഹസ്യമായി സൂക്ഷിക്കേണ്ടി വരുന്ന ഫയലുകൾ എല്ലാം തന്നെ, ജനവിരുദ്ധമോ, ജനവഞ്ചനയോ നിറഞ്ഞതായിരിക്കും. രഹസ്യങ്ങൾ മാത്രമുള്ള ഫയലുകളാണ് ഇന്ന് മുഖ്യന്റെയും, മന്ത്രിമാരുടെയും ഓഫീസുകളിൽ ഉള്ളതെങ്കിൽ, അത് ജനങ്ങൾ അറിയാൻ പാടില്ലാത്തതാണെങ്കിൽ, അത് പത്ര മാധ്യമങ്ങൾ അറിയാൻ പാടില്ലെന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ ഗുരുതരമായ കാര്യമാണത്. ജനവഞ്ചനയുടെ നിഴൽ വീണ ഫയലുകൾ ഒരു സർക്കാരും പുറത്തു കാട്ടാൻ അറക്കും, ഭയക്കും.

സെക്രട്ടേറിയറ്റ് ഫയലുകളിലെ വിവരങ്ങൾ ചോരുന്നതിൽ മുഖ്യമന്ത്രിക്ക് ഉള്ള ആശങ്കയും, ഭയവും ഇതാണ് വിളിച്ചു പറയുന്നത്. ഫയലുകളിലെ വിവരങ്ങൾ ചോരുന്നത് അനുവദിക്കാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നതിനെ ഇത്തരത്തിലല്ലാതെ പിന്നെങ്ങനെയാണ് കാണാൻ കഴിയുക. സെക്രട്ടേറിയറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനാണ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർത്ത് ഫയൽ ചോർച്ച ആവര്‍ത്തിക്കാനാവില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ വിരട്ടിയിരിക്കുന്നു. സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ക്കായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ അടക്കമുള്ള വിദേശ കമ്പനികള്‍ക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടുള്ള ഫയലുകള്‍ ചോര്‍ന്നതാണ് പ്രധാനമായും മുഖ്യ മന്ത്രിയെ ചൊടിപ്പിച്ചത്.
ചീഫ് സെക്രട്ടറി തലത്തില്‍ കൈകാര്യം ചെയ്യുന്ന ഫയലുകളും അതിന്റെ വിശദാംശങ്ങളും പ്രതിപക്ഷത്തിന് ലഭിക്കുന്നതിലുള്ള അമര്‍ഷം മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു.

പ്രധാന ഫയലുകളിലെ വിവരങ്ങൾ ചോരുന്ന സംഭവങ്ങൾ വർധിക്കുകയാണ്. ഫയല്‍ സൂക്ഷിക്കുന്നത് ഏതു ഉദ്യോഗസ്ഥനാണോ അവർക്കാണ് വിവരങ്ങൾ ചോരാതിരിക്കേണ്ട ഉത്തരവാദിത്തം. വകുപ്പു സെക്രട്ടറിമാർ ഇക്കാര്യം ശ്രദ്ധിക്കണം. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തു വീഴ്ചയുണ്ടായാൽ നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി സെക്രട്ടറിമാരോട് പറയുകയുണ്ടായി. ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ നിന്നടക്കം ഇ–ഫയലുകൾ ചോരുന്നതായി മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാരിൽ ചിലർ ആക്ഷേപമുന്നയിച്ചിരുന്നു. ഐടി വകുപ്പിലെ നിയമനങ്ങളും കൺസൽറ്റൻസികൾക്കു കരാറുകൾ നൽകിയതിന്റെ വിവരങ്ങളും പുറത്തുവന്നതിനെ തുടർന്നാണ് നിയന്ത്രണം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. പൊലീസിനെ ആധുനികവൽക്കരിക്കുന്നതിനുള്ള ഫണ്ട് ദുരുപയോഗം ചെയ്തെന്ന വാർത്തകൾ പുറത്തുവന്നതിനെത്തുടർന്ന് അന്വേഷിക്കാൻ പ്രത്യേക സമിതിയെ സർക്കാർ നിയമിച്ചിരിക്കുകയാണ്.

അടുത്തിടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിവാദ വിഷയങ്ങളുടെ ഫയലുകള്‍ എങ്ങനെ പ്രതിപക്ഷ നേതാവിനും മറ്റും ലഭിക്കുന്നുവെന്നതാണ് സെക്രട്ടറിമാരെപോലും അമ്പരപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ അതിശയിക്കേണ്ട കാര്യമൊന്നുമില്ല. ഏതു സർക്കാർ ഭരിച്ചാലും പ്രതിപക്ഷത്തിന്റെ ഭാഗത്തേക്ക് ഫയലുകൾ ചോരുന്നത്, സർവ്വ സാധാരണമാണ്. ആ ഫയലുകൾക്കുള്ളിൽ ഉള്ളത് ജനദ്രോഹപരമോ, ജനത്തെ കബളിപ്പിക്കുന്നതോ ആയ കാര്യങ്ങൾ ഉണ്ടെങ്കിൽ ചോർച്ച ഉണ്ടാവും. ഇനിയും നാളെയും അത് ഉണ്ടാവുക തന്നെ ചെയ്യും. അതിനെതിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഭയക്കുന്നത്. ഉപ്പുതിന്നവൻ വെള്ളം കുടിക്കും എന്ന് മുഖ്യൻ തന്നെയല്ലേ പറഞ്ഞിട്ടുള്ളത്. ഉപ്പു തിന്നാതെ മുഖ്യമന്ത്രിയും മന്ത്രിമാരും എന്തിന് ഭയക്കണം.

വള്ളിക്കീഴൻ

Related Articles

Post Your Comments

Back to top button