മാധ്യമങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിയ പിണറായി കൂപ്പുകുത്തി, കലി തുള്ളി.

സംസ്ഥാനത്തെ പാവങ്ങൾക്കായുള്ള ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് സ്വപ്ന സുരേഷ് ഒരു കോടി രൂപയിലധികം അടിച്ചെടുത്തത് സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യ ശരങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിയ സംസ്ഥാന മുഖ്യ മന്ത്രി പിണറായി വിജയൻ കൂപ്പുകുത്തി കലികൊണ്ടു തുള്ളി. രാഷ്ട്രീയ ഗൂഢാലോചന എന്ന സ്ഥിരം പല്ലവി ആവർത്തിച്ച പിണറായിക്ക് ഇടതുസര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്നും രോഷത്തോടെ പ്രതികരിക്കുകയായിരുന്നു. ഒരു മാസം മുമ്പുവരെ പിണറായിയെ മാധ്യമങ്ങള്‍ പ്രകീര്‍ത്തിച്ചപ്പോള്‍ അട്ടിമറി ശ്രമമെന്നും ഉപജാപമെന്നും പറയാതിരുന്ന മുഖ്യമന്ത്രി ഇപ്പോഴെന്തിനാണ് മാധ്യമങ്ങളോട് കയര്‍ക്കുന്നതെന്ന ചോദ്യത്തിന് മുന്നില്‍ പിണറായി അക്ഷരാർത്ഥത്തിൽ ചൂളി. സ്വപ്‌ന എന്തെങ്കിലും ചെയ്‌തെങ്കില്‍ സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നാണ് പിണറായി വിജയന്‍ പ്രതികരിച്ചത്. മുഖ്യ മന്ത്രി നേതൃത്വം നൽകിയ പദ്ധതിയിൽ നിന്നാണ് സ്വപ്ന പണം കൊണ്ടുപോയതെന്നതാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് പിന്നിൽ ഉണ്ടായിരുന്നത്.
എന്നാൽ യുഎഇയുമായി നടത്തിയ ഇടപാടില്‍ സ്വപ്‌ന എന്തെങ്കിലും ചെയ്‌തെങ്കില്‍ സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.
മാധ്യമങ്ങളുടെ ചോദ്യങ്ങളും മുഖ്യന്റെ മറുപടിയും.
ലൈഫ് മിഷന്‍ പദ്ധതിയുടെ കാര്യങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രിയാണ് നേതൃത്വം കൊടുത്തത്. അതിന്റെ ഏത് ഘട്ടത്തിലാണ് ഈ സ്ത്രീക്ക് പങ്കാളിത്തമുണ്ടായത്?
മുഖ്യമന്ത്രി /റെഡ് ക്രസന്റ് യുഎഇയുടെ ചാരിറ്റി ഓര്‍ഗനൈസേഷനാണ്. അവര്‍ ഇവിടെയൊരു സഹായം ചെയ്യാന്‍ മുന്നോട്ടുവന്നു. അതിനുള്ള സ്ഥലം നമ്മള്‍ ചൂണ്ടിക്കാണിച്ചു. അതിനപ്പുറത്തേക്കുള്ള കാര്യങ്ങളെല്ലാം അവര്‍ നേരിട്ട് ചെയ്തതാണ്. നമുക്കോ ഏതെങ്കിലും ഏജന്‍സിക്കോ അറിയാവുന്ന കാര്യങ്ങളല്ല. അവരുടെ പണത്തില്‍ എന്തെങ്കിലും തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ മനസിലാക്കിയേ ഇടപെടാനാകൂ.
സ്വപ്‌നക്കുള്ള ഭരണ സാധ്വീനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങ് മാധ്യമങ്ങളെ വിമര്‍ശിക്കുകയാണ് ചെയ്തത്?
മുഖ്യമന്ത്രി /അവര്‍ക്ക് എങ്ങനെയാണ് ഭരണത്തില്‍ സ്വാധീനം വരുന്നത്. അവര്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയല്ലേ. യുഎഇയുടെ ചാരിറ്റി ഓര്‍ഗനൈസേഷന്‍ നടത്തുന്ന ഒരു പ്രവൃത്തിയില്‍ കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥയോ ഏതാനും ആളുകളോ തട്ടിപ്പുനടത്തിയെങ്കില്‍ നമുക്ക് എന്താണ് ചെയ്യാന്‍ കഴിയുക. എന്നാല്‍ സര്‍ക്കാര്‍ പദ്ധതിയില്‍ തട്ടിപ്പ് നടന്നെങ്കില്‍ പരിശോധിക്കാമെന്നാണ് പറഞ്ഞത്. നിങ്ങള്‍ക്ക് വേറെ വഴിക്ക് പോകാനാണ് താല്‍പ്പര്യം. അതാണ് ഈ ചോദ്യം ആവര്‍ത്തിക്കുന്നത്. ഞാന്‍ പറയുന്നത് തരിമ്പും മനസിലാക്കുന്നില്ല. സര്‍ക്കാര്‍ സംവിധാനത്തില്‍ ഏതെങ്കിലും സ്വാധീനമുണ്ടായിട്ടല്ലല്ലോ ഈ തട്ടിപ്പ് നടക്കുന്നത്.
അങ്ങയുടെ ദുബായ് സന്ദര്‍ശനത്തിന് രണ്ടുദിവസം മുമ്പ് സ്വപ്‌നാ സുരേഷും എം ശിവശങ്കറും യുഎഇയില്‍ പോയതും ഈ സംഘടനയുമായി ചര്‍ച്ച നടത്തിയതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
മുഖ്യമന്ത്രി /അത്തരമൊരു കാര്യമുണ്ടായതായി എനിക്ക് അറിയില്ല. മാത്രമല്ല, അങ്ങനെ സംഭവിക്കാനും ഇടയില്ല. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള മുന്‍കൈയും ചര്‍ച്ചയും വേറെ ആരും എടുത്തിട്ടില്ല.
മാധ്യമങ്ങളാണ് ഉപജാപം നടത്തുന്നതെന്നാണ് അങ്ങ് പറയുന്നത്. ഇതില്‍ ഒന്നുരണ്ടു വസ്തുതകള്‍ ഇല്ലേ. ഈ പ്രതികളും അങ്ങയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായുള്ള ബന്ധം മാധ്യമങ്ങളല്ല അന്വേഷണ ഏജന്‍സിയാണ് കണ്ടത്തിയത്?
മുഖ്യമന്ത്രി /അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ട പണിയെടുക്കേണ്ട. ഇതാണ് ഇയാളെ ഒന്ന് കാണൂ, വിളിക്കൂ, തെളിവെടുക്കൂ എന്നതെല്ലാം അന്വേഷണ ഏജന്‍സി നടത്തേണ്ടതാണ്. അത് ഏതെങ്കിലും മാധ്യമം ചൂണ്ടിക്കാണിക്കുകയല്ല വേണ്ടത്. ഇവിടെ അത്തരം കാര്യങ്ങളടക്കം ഉണ്ടായില്ലേ. ഇതെല്ലാം മാധ്യമ ധര്‍മ്മത്തില്‍പ്പെട്ടതാണോ?. മാധ്യമ ധര്‍മ്മത്തിന്റെ കാര്യം വീണ്ടും ആവര്‍ത്തിക്കണോ? നിങ്ങള്‍ക്ക് അത് തീരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല അല്ലേ?. നിങ്ങളെ പറഞ്ഞുവിടുന്ന ആളുകള്‍ക്ക് അത് ബോധ്യമാകില്ല. അവരാണ് വീണ്ടും വീണ്ടും ഇത് ചോദിക്കാന്‍ നിങ്ങളെ പറഞ്ഞുവിടുന്നത്. ഞങ്ങള്‍ പിടിച്ച വഴിക്ക് ഞങ്ങള്‍ പോകും. ഞങ്ങള്‍ നടത്തുന്നതെല്ലാം നടത്തും. ഞങ്ങളെ ചോദ്യം ചെയ്യാനാര്. എന്നതാണ് നിങ്ങളുടെ രീതി. അത് ശരിയായ മാധ്യമ ധര്‍മ്മമല്ല.
രാജ്യം ചര്‍ച്ച ചെയ്യുന്ന കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുമ്പോള്‍ മാധ്യമങ്ങള്‍ ചോദിക്കുന്നത് സ്വാഭാവിക ചോദ്യങ്ങളല്ലേ?
മുഖ്യമന്ത്രി /ഇതൊന്നും സ്വാഭാവിക ചോദ്യങ്ങളല്ല. ആ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തപ്പോള്‍ സ്വാഭാവിക ചോദ്യങ്ങള്‍ അവിടെ അവസാനിക്കേണ്ടതാണ്. നിങ്ങള്‍ക്ക് വേണ്ടത് കേരളത്തിലെ മുഖ്യമന്ത്രി ഇത്തരം കാര്യങ്ങള്‍ക്കെല്ലാം കൂട്ടുനില്‍ക്കുന്ന ആളാണെന്ന് സ്ഥാപിക്കലാണ്. അത് നിങ്ങളുടെ ആവശ്യമല്ല, നിങ്ങളെ പറഞ്ഞുവിടുന്നവരുടെ ആവശ്യമാണ്. നിങ്ങളൊരു സംഘം ഇതിനായി ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ആ ജോലിയാണ് നിങ്ങള്‍ ചെയ്യുന്നത്. ആ സംഘത്തിന്റെ വക്താക്കളാണ് നിങ്ങള്‍.
സ്പ്രിങ്ക്ലർ മുതലുള്ള എല്ലാ ആരോപണങ്ങളിലും എം ശിവശങ്കറിനെ അങ്ങ് സംരക്ഷിക്കുന്ന നിലപാടാണ് എടുത്തത്. അവിടെയൊന്നും നടപടി ഉണ്ടാകാത്തത് കൊണ്ടല്ലേ ഇത്രയും വലിയ പ്രശ്‌നമായി ഇത് മാറിയത്?
മുഖ്യമന്ത്രി /ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ചൂണ്ടിക്കാണിക്കുന്നതും അതിന്റെ മേലേ നടപടി വരുന്നതും രണ്ടും രണ്ടാണ്. സ്പ്രിങ്കഌറിന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴും കോടതിയിലാണ്. നടപടി വന്നത് ഇദ്ദേഹത്തിന് മറ്റ് ചില വഴിവിട്ട ബന്ധങ്ങളുണ്ടായി എന്ന് പരസ്യമായി ആക്ഷേപം വന്നപ്പോഴാണ്. അദ്ദേഹം ചെയ്യാന്‍ പാടില്ലാത്തത് ചെയ്തു. അതിന് സസ്‌പെന്‍ഷനും വന്നു. നിങ്ങളില്‍ ചിലരുടെ മാധ്യമങ്ങള്‍ക്ക് പ്രത്യേക ചില ഉദ്ദേശങ്ങളുണ്ട്.
ഒരു മാസം മുമ്പു വരെ മാധ്യമങ്ങളെല്ലാം തന്നെ അങ്ങയെ പുകഴ്ത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. പിണറായിയാണ് താരം എന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് നല്‍കിയത്. അന്ന് ഇത്തരം മാധ്യമ ഉപജാപകത്തെക്കുറിച്ച് അങ്ങേയ്ക്ക് പരാതി ഉണ്ടായിരുന്നില്ലല്ലോ?
മുഖ്യമന്ത്രി /അതിന് രാഷ്ട്രീയമായ മാനമുണ്ട്. കേരളത്തിന്റെ അന്തരീക്ഷത്തില്‍ സര്‍ക്കാരിന് വലിയ തോതിലുള്ള യശസ് വന്നു. അത് ചിലര്‍ക്ക് പൊള്ളലുണ്ടാക്കി. രാഷ്ട്രീയമായി അതിനെ നേരിടാന്‍ കഴിയാത്തതിനാല്‍ മറ്റ് ഉപജാപങ്ങളിലൂടെ നേരിടുന്നു. ഇന്നത്തെ മുഖ്യമന്ത്രി പഴയ മുഖ്യമന്ത്രിയെ പോലെയല്ല. ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പഴയ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയല്ല. വാസസ്ഥലവും അങ്ങനെയല്ല. ഞാനെണ്ണിപ്പറയണോ, പഴയത് ഓരോന്നും എന്തായിരുന്നുവെന്ന്. ആ നിലയിലേക്ക് മുഖ്യമന്ത്രിയെ ചിത്രീകരിക്കുന്നത് എന്തിനാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരുപാട് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടാകും. ഇന്നത്തെ പ്രൊഫഷണലിസം പല തരത്തില്‍ ഉപയോഗിക്കുന്നു. അതിന്റെ കൂടെച്ചേരാന്‍ കുറച്ച് മാധ്യമങ്ങളും തയാറായിട്ടുണ്ട്. വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി നിങ്ങളും ചേര്‍ന്നു. അതാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. നിങ്ങള്‍ കൊടുക്കുന്ന വാര്‍ത്തയുടെ മേലെയാണ് ജനങ്ങളെല്ലാം നില്‍ക്കുന്നതെന്ന് നിങ്ങള്‍ കരുതരുത്.
സ്വര്‍ണക്കടത്ത് സംഭവവുമായി ബന്ധപെട്ടു തന്നോട് ചോദ്യം പാടില്ലെന്ന നിലപാട് ആണ് പിണറായിക്കുള്ളത്.