കേരളത്തെ പൊലീസ് സ്റ്റേറ്റാക്കി മാറ്റാന്‍ അനുവദിക്കില്ല, ചെന്നിത്തല.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊലീസ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നത് പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തെ ഒരു സര്‍വൈലന്‍സ് സ്റ്റേറ്റ് ആക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരുടെയൊക്കെ എന്തൊക്കെ വിവരങ്ങള്‍ ഇതുവരെ പൊലീസ് ശേഖരിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പൊലീസിന് ടെലിഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനുളള അവകാശമില്ലെന്നും കേരളത്തെ പൊലീസ് സ്റ്റേറ്റാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.’ടെലിഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് പൗരന്റെ മൗലികാവകാശങ്ങള്‍ക്കുമേലുളള കടന്നുകയറ്റമാണ്. രോഗി ഒരു കുറ്റവാളിയല്ല. അസുഖം വന്നവരെ കുറ്റവാളികളായി കണ്ട് സ്വകാര്യതയിലേക്ക് കടന്നു കയറരുത്. എന്ത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണണം. ഭരണഘടനയുടെ ഇരുപത്തൊന്നാം അനുഛേദത്തിന്റെ നഗ്നമായ ലംഘനമാണിത്. മുഖ്യമന്ത്രി ടെലഗ്രാഫ് നിയമങ്ങള്‍ വായിച്ചുമനസിലാക്കണം’ ചെന്നിത്തല ആവശ്യപ്പെട്ടു.
സ്പ്രിംക്ലര്‍ ഉളളപ്പോള്‍ എന്തിനാണ് പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ‘സ്പ്രിംക്ളറില്‍ എന്ത് ഗുണമാണുണ്ടായത്. അമേരിക്കന്‍ കമ്പനിയുടെ സഹായം ഇല്ലെങ്കില്‍ മഹാമാരിയെ നേരിടാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതാണ്. ഇടപാട് പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ വച്ചു. അതിലെ ഒരംഗം രാജിവച്ച് പോയി. പകരം മറ്റൊരാളെ വച്ചില്ല. ഒരു മാസത്തിനകം റിപ്പോര്‍ട്ട് കിട്ടണമായിരുന്നു, അതുണ്ടായില്ല’ ചെന്നിത്തല പറഞ്ഞു.
ഇതിനിടെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രോഗികളുടെ ഫോണ്‍ രേഖകള്‍ ആവശ്യപ്പെട്ട് പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. രേഖകള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ടെലകോം ദാതാക്കള്‍ക്ക് പോലീസ് കത്ത് നല്‍കി. രോഗം സ്ഥിരീകരിച്ചതിന് മുമ്പുള്ള പത്തുദിവസത്തെ വിവരങ്ങള്‍ നല്‍കണം, ആരെയെല്ലാം വിളിച്ചുവെന്നും അവരുടെ ടവര്‍ ലൊക്കോഷനും കൈമാറണമെന്നും പൊലീസ് ആവശ്യപ്പെടുന്നുണ്ട്.