പാലക്കാട് വീണ്ടും വായിൽ പരിക്കേറ്റ് ആന ഗുരുതരാവസ്ഥയിൽ.

പാലക്കാട് വീണ്ടും വായിൽ പരിക്കേറ്റ് ആന ഗുരുതരാവസ്ഥയിൽ. അട്ടപ്പാടി വനമേഖലയിലാണ് സംഭവം. ആനക്കട്ടിയ്ക്ക് സമീപം തൂവ്വയിലാണ് പരിക്കേറ്റ കാട്ടാന നിലയുറപ്പിച്ചിട്ടുള്ളത്. തമിഴ്നാട്ടിൽ നിന്നാണ് പരിക്കേറ്റതെന്നാണ് വനം വകുപ്പ് അനുമാനിക്കുന്നത്.
കീഴ്ത്താടിയിൽ നീരുവന്നതിനാൽ ഭക്ഷണം കഴിയ്ക്കാനാവുന്നില്ല. അവശനിലയിലാണ് ആനയുള്ളത്. ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

പശ്ചിമഘട്ടത്തിൽ തിരുവഴാംകുന്നിൽ സമാന രീതിയിൽ പരിക്കേറ്റ ആന ചരിഞ്ഞത് വിവാദമായിരുന്നു. കൈതച്ചക്കയിൽ പന്നിപ്പടക്കം വെച്ചാണ് ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. മനുഷ്യമനസ്സാക്ഷിയെ നൊമ്പരപ്പെടുത്തിയ സംഭവം രാജ്യാന്തര തലത്തിൽ വാർത്തയായിരുന്നു. അതിന്റെ ഞെട്ടൽ മാറും മുമ്പാണ് അതേ വനത്തിൽ തൂവ്വയിലെ ചോലയിൽ നിലയുറപ്പിച്ച ആനയെ കണ്ടത്. വനം വകുപ്പിന്റെ പതിവ് പട്രോളിങ്ങിനിടെയാണ് രണ്ടു ദിവസമായി ഒരേ സ്ഥലത്ത് നിൽക്കുന്ന ആന ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വായിൽ പരിക്കേറ്റതായി കണ്ടെത്തിയത്.