കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട ആലുവ മാർക്കറ്റ് ഒന്നരമാസത്തിന് ശേഷം തുറക്കുന്നു.

കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട ആലുവ മാർക്കറ്റ് തുറക്കുന്നു. വ്യാഴാഴ്ച മുതൽ മൊത്തവ്യാപാരികൾക്ക് മാത്രമാണ് കട തുറക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഒന്നരമാസത്തിലേറെയായി മാർക്കറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. അഞ്ച് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ചെറുകിട വ്യാപാരികളുടെ വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്ന കാര്യം തീരുമാനിക്കും. ഞായാറാഴ്ച വരെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ചില്ലറ വിൽപനയും ആരംഭിക്കാനാണ് തീരുമാനം. പുറത്തുനിന്ന് വരുന്ന വാഹനങ്ങൾ പുലർച്ചെ തന്നെ ചരക്ക് ഇറക്കി മാർക്കറ്റ് വിടണം. ആറു മണി വരെയാണ് പച്ചക്കറി ഇറക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. മീൻവണ്ടികൾ നാലു മണിക്ക് മുമ്പുതന്നെ മാർക്കറ്റ് വിട്ടുപോകണം. പുലർച്ചെ നാലു മുതൽ ആറുവരെയാണ് മാർക്കറ്റിൽ മീൻ വിൽപനയ്ക്കുള്ള സമയം. മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങളുടെ കാര്യത്തിലും നിയന്ത്രണങ്ങളുണ്ടാകും. മാസ്ക്, സാമൂഹിക അകലം എന്നിവ നിർബന്ധമാണ്. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് എതിരെ പിഴ ഉൾപ്പെടെയുള്ള നടപടികളുണ്ടാകും. ആലുവ ക്ലസ്റ്ററിലെ ആദ്യ രോഗ ഉറവിടങ്ങളിലൊന്ന് ആലുവ മാർക്കറ്റ് ആയിരുന്നു.