ആലപ്പുഴ സ്വദേശിയായ ജോയി സെബാസ്റ്റിന്റെ വീ കൺസോൾ ഇനി ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിംഗ് ആപ്പാകും.

ആലപ്പുഴ സ്വദേശിയായ ജോയി സെബാസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ടെക്ജെന്‍ഷ്യ എന്ന കമ്പനി വികസിപ്പിച്ചെടുത്ത വീ കൺസോൾ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിംഗ് ടൂളായി മാറി. തദ്ദേശീയ വീഡിയോ കോണ്‍ഫറണ്‍സിംഗ് ടൂള്‍ വികസിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാറിന്റെ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം നടത്തിയ മത്സരത്തില്‍ വീ കൺസോൾ വിജയം നേടുകയായിരുന്നു. “മേക്ക് ഇൻ ഇന്ത്യ” വീഡിയോ കോൺഫറൻസിംഗ് പ്രോഡക്ട് നിർമ്മിക്കാൻ ഇന്ത്യൻ കമ്പനികൾക്കും സ്റ്റാർട്ട് അപ്പുകൾക്കുമായി ഇന്ത്യാ ഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സംഘടിപ്പിച്ച ചലഞ്ചിലാണ് ഈ ആലപ്പുഴക്കാരൻ അത്യുജ്വല നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇക്കഴിഞ്ഞ ഏപ്രിലിലാണ് കേന്ദ്രസര്‍ക്കാര്‍ മത്സരം പ്രഖ്യാപിച്ചത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യക്തികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി നൽകിയിരുന്നു. രാജ്യവ്യാപകമായി 1983 അപേക്ഷകളാണ് മത്സരത്തിനായി എത്തിയത്.
ഇവയിൽ പുത്തൻ ആശയം മുന്നോട്ട് വച്ച 12 അപേക്ഷകരുടെ ചുരുക്കപ്പട്ടിക ആദ്യം തയ്യാറാക്കുകയായിരുന്നു. അവര്‍ക്ക് ആപ്പ് നിര്‍മ്മിക്കാനുള്ള സാമ്പത്തിക സഹായം പത്ത് ലക്ഷം രൂപ വീതം ഇന്ത്യാ ഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി നല്കി. ഇതില്‍ നിന്ന് വീണ്ടും ചുരുക്കപ്പട്ടിക തയ്യാറാക്കി അഞ്ച് ആപ്പുകളെ അവസാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. കേന്ദ്രസര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഐ.ടി മേഖലയിലെ വിദഗ്ധരും അക്കാദമിക് രംഗത്ത് നിന്നുള്ള പ്രമുഖരും ഉള്‍പ്പെടുന്ന ജൂറിയാണ് അന്തിമ പട്ടികയിലേക്കുള്ള അഞ്ച് ആപ്പുകള്‍ തിരഞ്ഞെടുത്തത്. ഈ അഞ്ച് ആപ്പുകള്‍ വികസിപ്പിച്ചവര്‍ക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടും കേന്ദ്രം ഫണ്ട് അനുവദിച്ചു. മൂന്ന് ആപ്പുകള്‍ക്ക് 20 ലക്ഷം രൂപ വീതവും രണ്ട് ആപ്പുകള്‍ക്ക് 15 ലക്ഷം രൂപ വീതവുമാണ് അനുവദിച്ചത്. ഇതില്‍ നിന്നാണ് അന്തിമ വിജയിയെ കണ്ടെത്തുന്നത്. ടെക്ജെന്‍ഷ്യയുടെ ആപ്പിന് വികണ്‍സോള്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കമ്പനിക്ക് സമ്മാന തുകയായി ഒരു കോടി രൂപയാണ് ലഭിക്കുക. ആപ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപയും ഇതിന് പുറമെ ലഭിക്കും. അന്തിമ പട്ടികയില്‍ വന്ന അഞ്ച് ആപ്പുകളില്‍ മറ്റ് മുന്ന് എണ്ണത്തിന് 25 ലക്ഷം രൂപ വീതം സര്‍ക്കാര്‍ സഹായം നൽകുന്നുണ്ട്.