പാലക്കാട് അട്ടപ്പാടിയിൽ വായിൽ പരിക്കേറ്റ നിലയിൽക്കണ്ട കാട്ടാനയ്ക്ക് ചികിത്സ, പരിക്ക് ഗുരുതരമെന്ന് വെറ്റിനറി ഓഫിസർ

അഗളിയിൽ തെക്കെ കടമ്പാറ ഊരിനടുത്ത് കൂത്തനടി വനത്തിലാണ് ആനയെ പരിക്കേറ്റ നിലയിൽ കണ്ടത്. ചികിത്സ നൽകുന്നതിനായി ആനയെ മയക്കുവെടി വെച്ചു. ആനയുടെ കീഴ്ത്താടിയും നാവും തകർന്നിട്ടുണ്ട്. സ്പോടകവസ്തു കടിച്ചതിനാലാകാം വായിൽ പരിക്കേറ്റതെന്ന് മണ്ണാർക്കാട് ഡിഎഫ്ഒ കെ കെ സുനിൽകുമാർ നവകേരള ന്യൂസിനോട് പറഞ്ഞു. മയക്ക് വെടിയേറ്റ് മയങ്ങിവീണ ആനയെ ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് ചികിത്സ നൽകുന്നത്. 48 മണിക്കൂർ നിരീക്ഷണത്തിനുശേഷമെ ആരോഗ്യസ്ഥിതി പറയാനാവുയെന്ന് ഡിഎഫ്ഒ പറഞ്ഞു. വായിൽ അണുബാധയുമുണ്ട്. ആന്തരിക ഭാഗങ്ങളിൽ പഴുപ്പും കണ്ടെത്തി.
ഷോളയൂർ മേഖലയിൽ നിരവധി വീടുകൾ തകർത്ത ആനയെ നാട്ടുകാർ ബുൾഡോസർ എന്നാണ് വിളിച്ചിരുന്നത്. ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ. ഇതിനിടയിൽ കാണാതായ ആനയെ വായിൽ ഗുരുതരമായി പരിക്കേറ്റ് തമിഴ്നാട് അതിർത്തിയോട് ചേർന്ന് വ്യാഴാഴ്ചയാണ് കണ്ടത്. ആരോഗ്യസ്ഥിതി മോശമായതിനാൽ ഭക്ഷണത്തിൽ മരുന്ന് കലർത്തി നൽകാനായിരുന്നു ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് മയക്കു വെടി വെച്ചത്. ഫോറസ്റ്റ് വെറ്റിനറി ഓഫീസർ അരുൺ സത്യൻ, റെയ്ഞ്ച് ഓഫീസർ കെ ടി ഉദയൻ എന്നിവരും സംഘത്തിലുണ്ട്.
അഞ്ച് ദിവസമായി ഷോളയൂർ വനമേഖലയിൽ പരാക്രമംകാണിക്കുന്ന കാട്ടാന പരിക്കേറ്റ ശേഷം ആറ് വീടാണ് തകർത്തത്.