CrimeKerala NewsLatest NewsNationalNews

നയതന്ത്ര ബാഗിന്റെ മറവിൽ കേരളത്തിലേക്ക് 21 തവണയായി 166 കിലോ സ്വർണം കടത്തി

യു എ ഇ കോണ്സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിന്റെ മറവിൽ കേരളത്തിലേക്ക് 21 തവണ സ്വർണക്കടത്ത് നടത്തിയിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. ആദ്യ നാല് ബാഗുകൾ അയച്ചിരിക്കുന്നത് പശ്‌ചിമ ബംഗാൾ സ്വദേശി മുഹമ്മദിന്റെ പേരിലാണ്. അഞ്ച് മുതൽ പതിനെട്ട് വരെയുള്ള ബാഗുകൾ യു.എ.ഇ സ്വദേശി ദാവൂദാണ് അയച്ചത്. പത്തൊമ്പതാമത്തെ ബാഗ് അയച്ചത് ദുബായ് സ്വദേശിയായ ഹാഷിമാണ്. അവസാനത്തെ രണ്ട് ബാഗുകളാണ് ഫൈസൽ ഫരീദിന്റെ പേരിൽ അയച്ചത്. അവസാനത്തെ രണ്ട് ബാഗുകൾ അയച്ചതിൽ മാത്രമാണ് താൻ പങ്കാളിയെന്നും മറ്റ് ബാഗുകൾ അയച്ചതിൽ തനിക്ക് പങ്കില്ലെന്നുമാണ് ഫൈസൽ ഫരീദ് എൻ.ഐ.എയ്ക്ക് മൊഴി നൽകിയത്.

21 തവണയായി 166 കിലോ സ്വർണമാണ് ദുബായിൽ നിന്ന് കേരത്തിലേക്ക് കയറ്റി അയച്ചതെന്ന് എൻ.ഐ.എ വൃത്തങ്ങൾ വെളിപ്പെടുത്തി. ഇപ്പോൾ അറസ്റ്റിലായ കെ.ടി റമീസിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് എൻ.ഐ.എയ്ക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. റമീസിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളും എൻ.ഐ.എ സംഘം ദുബായ് വിമാനത്താവളത്തിൽ നിന്ന് ശേഖരിച്ച വിവരങ്ങളും ചേർത്താണ് സ്വർണം അയച്ചവരുടെ പട്ടിക എൻ.ഐ.എ ശേഖരിച്ചിരിക്കുന്നത്. ഫൈസൽ ഫരീദ്, റബിൻസ്, കുഞ്ഞാലി എന്നിവരാണ് സ്വർണക്കടത്തിന് പിന്നിൽ സജീവമായി ഉണ്ടായിരുന്നത്. പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് പല ആളുകളുടെ പേരിലായി ബാഗുകൾ അയച്ചതെന്നാണ് എൻ.ഐ.എ വിലയിരുത്തുന്നത്. ഫൈസൽ ഫരീദും സംഘവും വിലയ്ക്ക് എടുത്ത ബിനാമികൾ മാത്രമാണ് മറ്റുള്ളവർ. ഇവരെ ഉടനടി എൻ.ഐ.എയ്ക്ക് അറസ്റ്റ് ചെയ്യാനോ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനോ കഴിയില്ല. രണ്ട് പേർ യു.എ.ഇ പൗരൻമാരാണ്. ഇക്കാര്യത്തിൽ യു.എ.ഇ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുമെന്നാണ് എൻ.ഐ.എയുടെ കരുതുന്നത്. നയതന്ത്രബാഗേജ് വഴി സ്വർണം കടത്തപ്പെട്ടത് യു എ ഇ ക്ക് തന്നെ നാണക്കേടായിരിക്കുന്ന സ്ഥിതിക്ക് അവരിതിൽ കർശനമായി നടപടി സ്വീകരിക്കുമെന്നും എൻ ഐ എ കരുതുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button