
കൊച്ചി: ഫോര്‍ട്ട്കൊച്ചി- മട്ടാഞ്ചേരി പൈതൃക വിനോദ സഞ്ചാര മേഖലയുടെ സുസ്ഥിര സംരക്ഷണത്തിനായി സബ് കലക്ടര്‍ പി. വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ പൈതൃക നടത്തം സംഘടിപ്പിച്ചു. പൈതൃക വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ജനപങ്കാളിത്തത്തോടെ പരിഹാര നടപടികള്‍ക്ക് രൂപം നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഫോര്‍ട്ട്കൊച്ചിയിലെ ഫോക്ലോര് തീയേറ്റര്‍ സമുച്ചയത്തില്‍ നിന്നുമാണ് പൈതൃക നടത്തം ആരംഭിച്ചത്. കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് സിഇഒ എസ്. ഷാനവാസ് പങ്കെടുത്തു. പൈതൃക നഗരി നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി ജില്ല ഭരണകൂടം, ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, പങ്കാളികള്‍ എന്നിവരുടെ ഏകോപനത്തിലൂടെ പരിഹരിക്കുന്നതിനുള്ള സംരംഭത്തിന്റെ ആദ്യപടിയാണിത്.
കോവിഡാനന്തര കാലഘട്ടത്തില്‍ പൈതൃക ടൂറിസത്തെ സര്‍വപ്രതാപത്തോടെയും വീണ്ടെടുക്കാനുള്ള ദൗത്യത്തിന്റെ മുന്നൊരുക്കമാണ് ഈ പദ്ധതി. കഴിഞ്ഞ ദിവസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്റെ അധ്യക്ഷതയില്‍ ഫോര്‍ട്ടുകൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങളുടെ തുടര്‍നടപടികളുടെ ഭാഗമായി കൂടിയാണ് ഈ പൈതൃക നടത്തം ആസൂത്രണം ചെയ്തത്.
Post Your Comments