ഇടപ്പള്ളിയിലെ നാല് നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം
കൊച്ചി: എറണാകുളം ഇടപ്പള്ളി കുന്നുംപുറത്തെ നാല് നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. മുകളിലത്തെ നിലകളില്‍ ലോഡ്ജും താഴെ റെസ്റ്റോറന്റും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു. നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.
രാവിലെ ആറ് മണിയോടെ കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഒരുമണിക്കൂറിനുള്ളില്‍ നാല് നിലകളിലേക്കും തീപടര്‍ന്നു. ഇത് വഴി വാഹനത്തില്‍ പോകുകയായിരുന്നു ഒരു കെഎസ്ഇബി ഉദ്യോഗസ്ഥന്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കെഎസ്ഇബിയുടെ ഓഫീസിലും വിവരമറിയിച്ചു.
വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അഗ്നിശമന സേനയും ഉടന്‍ തന്നെ സ്ഥലത്തെത്തി. തീ പടര്‍ന്നതോടെ കെട്ടിടത്തില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെടാനായി പുറത്തേക്ക് ചാടി. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നി സുരക്ഷ സംവിധാനങ്ങള്‍ ഒന്നുമില്ലാതെയാണ് ലോഡ്ജ് പ്രവര്‍ത്തിച്ചിരുന്നത് എന്ന് ജില്ല ഫയര്‍ ഓഫീസര്‍ പറഞ്ഞു.