ബന്ധു നിയമന വിവാദത്തിൽ ജലീലിന്റെ രാജി: എ.കെ ബാലന്റെ അഭിപ്രായം പാർട്ടി നിലപാടല്ലെന്ന് എം.എ ബേബി
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കെ.ടി ജലീൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന മന്ത്രി എ.കെ ബാലന്റെ പരാമർശം തള്ളി എം.എ ബേബി. ബാലന്റെ അഭിപ്രായം നിയമന്ത്രി എന്ന നിലയിലാണെന്നും ഇക്കാര്യത്തിൽ പാർട്ടി തീരുമാനം എടുത്തിട്ടില്ലെന്നും ബേബി പറഞ്ഞു. പാർട്ടിയുടെ അഭിപ്രായം പാർട്ടി സെക്രട്ടറിയും പിബി അംഗം കോടിയേരിയും പറഞ്ഞിട്ടുണ്ട് ബേബി പറഞ്ഞു.
മുഖ്യമന്ത്രിയുമായി ആലോചിച്ച് സിപിഎം നേതൃത്വവുമായി ചർച്ച നടത്തി അധികം വൈകാതെ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കും. കേരളത്തിലെ നിയമന്ത്രി എന്ന നിലയിൽ ബാലൻ നടത്തിയ അഭിപ്രായ പ്രകടനമാണ്. ലോകായുക്ത പറഞ്ഞത് വളരെ അസാധാരണമായിട്ടാണ്. ശരിയല്ലാത്ത കാര്യങ്ങൾ കണ്ടെത്തിയിരിക്കുന്നു. മുഖ്യമന്ത്രി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാണ് ലോകായുക്ത പറയാറുള്ളത്. എന്നാൽ വ്യത്യസ്തമായ നിലപാടാണ് ഇവിടെ ലോകായുക്ത സ്വീകരിച്ചതെന്നും ബേബി പറഞ്ഞു
കേസ് ഇപ്പോൾ ഹൈക്കോടതിയുടെ മുന്നിലാണ്. ഹൈക്കോടതി എന്താണ് പറുയന്നത് എന്ന് ഏതാനും ദിവസങ്ങളിൽ വ്യക്തമാകും. പാർട്ടിയും വൈകാതെ നിലപാട് എടുക്കും. ഇക്കാര്യത്തിൽ പാർട്ടിയുടെ അഭിപ്രായം പാർട്ടി സെക്രട്ടറിയും പിബി അംഗം കോടിയേരിയും പറഞ്ഞിട്ടുണ്ടെന്ന് ബേബി പറഞ്ഞു.