ധീരജവാന് ജന്മനാടിന്റെ കണ്ണീരില്‍ക്കുതിര്‍ന്ന യാത്രൊമൊഴി
കൊട്ടാരക്കര: ധീരജവാന്‍ വൈശാഖിന് ജന്മനാടിന്റെ യാത്രാമൊഴി. ജമ്മുകശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച വൈശാഖിനെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്. കൊട്ടാരക്കര ഓടനാവട്ടത്തെ ‘വൈശാഖം’ വീട്ടില്‍ ധീരസൈനികനെ അവസാനമായി ഒരു നോക്ക് കാണാന്‍ തടിച്ചുകൂടിയത് ആയിരങ്ങളാണ്. ഇന്ന് രാവിലെയാണ് പാങ്ങോട്ട് മിലിട്ടറി ക്യാമ്പില്‍ നിന്ന് വൈശാഖിന്റെ ജന്മനാടായ കൊല്ലം കുടവട്ടൂരിലേക്ക് മൃതദേഹം കൊണ്ടുവന്നത്. വിലാപയാത്രയായാണ് ഭൗതിക ശരീരം ജന്മനാട്ടിലേക്ക് എത്തിച്ചത്.
നാട്ടുകാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വൈശാഖ് പഠിച്ച സ്‌കൂളില്‍ മൃതദേഹം എത്തിച്ചു. മന്ത്രി കെ.എന്‍. ബാലഗോപാല്‍, സുരേഷ് ഗോപി എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ ഇവിടെയെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം വൈശാഖിന്റെ വീട്ടില്‍ എത്തിച്ചു. എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായിരുന്നു വൈശാഖ്. കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയങ്കരന്‍. ആറ് മാസം മുന്‍പാണ് സ്വപ്‌ന ഭവനം വൈശാഖ് നിര്‍മിക്കുന്നത്.
രണ്ട് മാസം മുന്‍പ് ഓണത്തിനായിരുന്നു അവസാനമായി വീട്ടിലെത്തിയത്. 2017ല്‍ സൈന്യത്തില്‍ ചേരുമ്പോള്‍ വൈശാഖിന് 20 വയസ് മാത്രമായിരുന്നു പ്രായം. വൈശാഖിന്റെ വേര്‍പാടില്‍ വിതുമ്പുകയാണ് ജന്മനാട്. രാജ്യത്തിന് വേണ്ടി 24ാം വയസില്‍ വീരമൃത്യു വരിച്ച വൈശാഖിന്റെ വാര്‍ത്ത ദുഃഖത്തോടെയാണ് മലയാളികള്‍ കേട്ടത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.
ബുധനാഴ്ച രാത്രി പാങ്ങോട് സൈനികാശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചു. മറാഠ റെജിമെന്റില്‍ ആയിരുന്നു. ഏഴ് മാസം മുമ്പാണ് പഞ്ചാബില്‍ നിന്നും കശ്മീരിലെത്തിയത്. കുടവട്ടൂര്‍ ശില്‍പാലയത്തില്‍ ഹരികുമാറിന്റെയും ബീനാകുമാരിയുടെയും മകനാണ് എച്ച്. വൈശാഖ്. ശില്‍പയാണ് സഹോദരി. പൂഞ്ച് ജില്ലയിലെ സുരാന്‍ഘോട്ട് പ്രവിശ്യയിലെ ധേരാ കി ഗലിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിലാണ് വൈശാഖ് വീരമൃത്യു വരിച്ചത്.