Kerala NewsLatest NewsNews

ജെസ്‌നയെ പോലെ സൂര്യയും; ബിരുദ വിദ്യാര്‍ഥിനി അപ്രത്യക്ഷയായിട്ട് ഒന്നരമാസം

ആലത്തൂര്‍: കേരളത്തെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ജെസ്‌നയുടെ തിരോധാനം പോലെ പാലക്കാട്ടുനിന്നും ഒരു പെണ്‍കുട്ടി കൂടി അപ്രത്യക്ഷയായിരിക്കുന്നു. പുതിയങ്കം ഭരതന്‍ നിവാസില്‍ രാധാകൃഷ്ണന്റെയും സുനിതയുടെയും മൂത്തമകള്‍ സൂര്യ കൃഷ്ണയെ (21) കാണാതായത് ഓഗസ്റ്റ് 30ന് രാവിലെ 11.15ഓടെയാണ്. പുസ്തകം വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയതാണ് സൂര്യ.

വീട്ടില്‍നിന്ന് നടന്നെത്താവുന്ന ദൂരത്ത് അവളുടെ അച്ഛന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ബുക്ക് സ്റ്റാളില്‍ ഏറെ നേരം നിന്നെങ്കിലും അവളെ കാണാനായില്ല. പിന്നീടിതുവരെ കുടുംബത്തിലാരും സൂര്യയെ കണ്ടിട്ടില്ല. ഉച്ചയ്ക്ക് അച്ഛന്‍ ജോലി ചെയ്യുന്ന കടയിലേക്കു പോയതായിരുന്നു സൂര്യ. അച്ഛനെ കണ്ട് സമീപത്തെ ബുക്ക് സ്റ്റാളില്‍നിന്ന് പുസ്തകം വാങ്ങാനായിരുന്നു യാത്ര. വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സുനിത രാധാകൃഷ്ണനെ വിളിച്ചിരുന്നു.

മകള്‍ ഇറങ്ങിയ കാര്യം അറിയിച്ചു. 15 മിനിറ്റിനുള്ളില്‍ നടന്നെത്താവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും അവള്‍ എത്തിയില്ല. അച്ഛന്‍ വീട്ടിലേക്കു വിളിച്ചപ്പോള്‍ അവിടെയുമില്ല. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സൂര്യ തിരിച്ചു വന്നില്ല. വീടിനു സമീപത്തുള്ളവര്‍ തൃശൂര്‍, പാലക്കാട് ഭാഗങ്ങളില്‍ അന്വേഷിച്ചെങ്കിലും അവളെ കണ്ടെത്താനായില്ല. രാധാകൃഷ്ണന്‍ ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കി.

ആലത്തൂരിലെ ബുക്ക് സ്റ്റാളിലേക്ക് വരികയാണ്, അച്ഛന്‍ അവിടേക്ക് വരണമെന്ന് പറഞ്ഞാണ് സൂര്യ കൃഷ്ണ വീട്ടില്‍ നിന്നിറങ്ങിയത്. അച്ഛന്‍ രാധാകൃഷ്ണന്‍ ബുക്ക്സ്റ്റാളില്‍ ഏറെനേരം കാത്തിരുന്നെങ്കിലും മകള്‍ എത്തിയില്ല. സൂചനകളൊന്നും ലഭിക്കാത്ത തിരോധാനത്തെക്കുറിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രമുഖ പത്രങ്ങളിലെല്ലാം ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. തമിഴ്നാട്ടില്‍ സൂര്യയുടെ ബന്ധുക്കള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പോയി അന്വേഷണം നടത്തിയിരുന്നു.

ഗോവയില്‍ വീടുവെച്ച് താമസിക്കണമെന്ന ആഗ്രഹം പലപ്പോഴും പറഞ്ഞിരുന്നതായി വീട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗോവയിലും അന്വേഷണസംഘം പോയെങ്കിലും ഫലം ഉണ്ടായില്ല. മൊബൈല്‍ ഫോണും എടിഎം കാര്‍ഡും എടുക്കാതെ രണ്ടുജോഡി വസ്ത്രം മാത്രമായാണ് സൂര്യ യാതൊരു സൂചനയും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായിരിക്കുന്നത്. സുഹൃത്തുക്കളോടും അയല്‍വാസികളോടും ബന്ധുക്കളോടും നിശ്ചിത അകലം പാലിക്കുന്ന പ്രകൃതമായിരുന്നു സൂര്യയുടേത്.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു സൂര്യ. ഡോക്ടാറാവാനായിരുന്നു മോഹം. ഇതിനായി പാലായില്‍ എന്‍ട്രന്‍സ് കോച്ചിങ്ങിനു ചേര്‍ന്നു. എന്‍ട്രന്‍സ് എഴുതിയെങ്കിലും റാങ്ക് ലിസ്റ്റില്‍ അവളെത്തിയില്ല. വീട്ടില്‍ തിരിച്ചെത്തി ബിരുദത്തിനു പാലക്കാട്ടെ കോളജില്‍ ചേര്‍ന്നു. ഓണ്‍ലൈന്‍ പഠനത്തിനായി സൂര്യയ്ക്കും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സഹോദരനും കൂടി ഒരു മൊബൈല്‍ ആയിരുന്നു ഉണ്ടായിരുന്നത്.

ഏറെ നേരം സൂര്യ ഫോണില്‍ ചിലവഴിക്കുന്നതും പതിവായിരുന്നു. ഡോക്ടറാവാന്‍ ആഗ്രഹിച്ച സൂര്യക്ക് പൈലറ്റ്, ട്രാവലര്‍ എന്നീ മോഹങ്ങളും മനസില്‍ കടന്നുകൂടിയിരുന്നു. ട്രാവലറാവാന്‍ കൊതിച്ച സൂര്യയുടെ മനസുടക്കിയ സ്ഥലം ഗോവയായിരുന്നു. ഗോവയില്‍ പോകണം, അവിടെ ജീവിക്കണം, നല്ല കാലാവസ്ഥയാണ് എന്നൊക്കെ ഇടയ്ക്കിടെ സൂര്യ പങ്കുവയ്ക്കുമായിരുന്നു. വീട്ടുകാരോട് ദേഷ്യം പിടിക്കുമ്പോഴൊക്കെ താന്‍ ഗോവയ്ക്കു പോകുമെന്ന് പറഞ്ഞു തുടങ്ങി. കാണാതാകുന്നതിന്റെ അന്നു രാവിലെ അച്ഛനാണ് സൂര്യയെ വിളിച്ചുണര്‍ത്തിയത്.

ബുക്ക് സ്റ്റാളില്‍ പോകുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. അച്ഛന്‍ പോയ ശേഷം സൂര്യ വീണ്ടും കിടന്നു. 11 മണിയോടെ അമ്മ വിളിച്ചുണര്‍ത്തി. ഇതിനിടെ അമ്മയുമായി വഴക്കായി. അമ്മ ഒരു അടി കൊടുത്തതോടെ അവള്‍ക്കു വാശിയായി. ദേഷ്യത്തോടെ അവള്‍ ഇറങ്ങി. പക്ഷേ ഇറങ്ങുമ്പോള്‍ അവള്‍ ബാഗില്‍ രണ്ടു ജോഡി വസ്ത്രങ്ങളും എടുത്തു. അമ്മയോടു സ്ഥിരം പറയുന്ന പോലെ ഗോവയ്ക്കു പോകുമെന്നും അറിയിച്ചു. തന്നെ പേടിപ്പിക്കാന്‍ പറഞ്ഞാതാകും എന്നാണ് അമ്മ കരുതിയത്.

അവള്‍ ബുക്ക് വാങ്ങാന്‍ പുറപ്പെട്ട കാര്യം അച്ഛനെയും വിളിച്ചറിയിച്ചു. മൊബൈല്‍ ഫോണ്‍ ഇല്ലാതെയാണ് ഇറങ്ങിയതെന്നും പറഞ്ഞു. ആലത്തൂരിലേക്ക് സ്ഥിരമായി സഞ്ചരിക്കാറുള്ള വഴിയേയായിരുന്നില്ല സൂര്യ ഓഗസ്റ്റ് 30ന് പോയത്. വീട്ടുകാര്‍ക്കൊപ്പം പോലും ആ വഴി സൂര്യ മുന്‍പ് സഞ്ചരിച്ചിട്ടില്ലെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ട്രെയിനില്‍ അവള്‍ കയറിയിട്ടില്ല. പാലായില്‍ പഠിക്കുമ്പോള്‍ കൂട്ടിക്കൊണ്ടു വരുന്നതും കൊണ്ടുവിടുന്നതും രാധാകൃഷ്ണനായിരുന്നു. ബന്ധുക്കളുടെ വീടുകളില്‍ പോലും താമസിച്ചിട്ടില്ല. യാത്രയ്ക്കു പണം പോലും കൈയിലില്ലാത്ത മകള്‍ എങ്ങോട്ടു പോയി എന്ന ആശങ്കയിലാണ് കുടുംബം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button