CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews

അബദ്ധത്തിലാണേലും, കൊന്നത് പോലീസാണ്.

തിരുവനതപുരം / നെയ്യാറ്റിൻകര സംഭവത്തിൽ ദമ്പതികളെ രക്ഷിക്കാനെന്ന പേരിൽ പോലീസ് നടത്തിയ അലക്ഷ്യമായ ഇടപെടൽ കൊലക്കുറ്റം വരെ ചുമത്താവുന്ന കുറ്റമാണ്. കാരണം അബദ്ധത്തിലാണേലും,ദമ്പതികളെ കൊന്നത് പോലീസാണ്. കോടതി ഉത്തരവിന്റെ പേരിൽ കുടിയൊഴിപ്പിക്കാനെത്തിയ പോലീസ് നടപടി കോടതി ഉത്തരവുകളുടെ നഗ്നമായ ലംഘനവും, വകുപ്പുതല നിർദേശങ്ങൾ കാറ്റിൽ പറത്തുന്ന നടപടിയുമായിരുന്നു. അത് കൊണ്ട് തന്നെ സംഭവത്തിൽ മുഖ്യ പ്രതി പോലീസ് ആണ്. കുടിയൊഴിപ്പിക്ക ലിനായി എത്തിയ പോലീസ് ഉദ്യോഗസ്ഥർ എല്ലാം കേസിൽ പ്രതികളാക്കപ്പെടേണ്ടവരാണ്. രാജന്റെ കൈവശം ഉണ്ടായിരുന്ന ലൈറ്റർ അലക്ഷ്യമായി തട്ടി മാറ്റിയ പോലീസ് ഉദ്യോഗസ്ഥൻ കേസിലെ മുഖ്യ പ്രതി സ്ഥാനത്തേക്കാണ് എത്തേണ്ടത്. ദമ്പതികകളുടെ മരണത്തിനു ഉത്തരവാദി പോലീസ് തന്നെയാണ്. പോലീസിന്റെ അലക്ഷ്യമായ ഇടപെടൽ മൂലം ഉണ്ടായ മരണങ്ങൾക്ക് ഐ പി സി 304 എ പ്രകാരം കേസെടുക്കാമെന്നാണ് നിയമ വിദഗ്ധർ പോലും പറയുന്നത്.

ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഒരു സിവിൽ കോടതി വ്യവഹാരങ്ങളിലും പോലീസ് അനാവശ്യമായി ഇടപെടാൻ പാടില്ല. അങ്ങനെ ഇടപെടുന്നത് നിലവിലുള്ള കോടതി ഉത്തവുകളുടെയും, വകുപ്പ് തല നിർദേശങ്ങളുടെയും പൂർണമായ ലംഘനമാണ്. നെയ്യാറ്റിൻകര സംഭവത്തിൽ അതാണ് നടന്നിരിക്കുന്നത്. ഒരു വശത്ത് കോടതികൾ അനുശാസിക്കുന്ന നിയമങ്ങൾ നിലവിലുള്ളപ്പോൾ മറുവശത്ത് അതെല്ലാം പോലീസ് കാറ്റിൽ പറത്തുകയായിരുന്നു. അത് കൊണ്ട് തന്നെ ആർക്കോ വേണ്ടി പോലീസ് നെയ്യാറ്റിൻകരയിൽ പിന്നാമ്പുറകളി നടത്തുകയായിരുന്നു. വ്യക്തമായി പറഞ്ഞാൽ പിമ്പ് വേല ചെയ്യുകയായിരുന്നു. ഹൈക്കോടതിയുടെ സ്റ്റേ വരും മുൻപ് പരാതിക്കാരിക്ക് വേണ്ടി കുടിയൊഴിപ്പിക്കാൻ പാടില്ലാത്ത ഇടപെടൽ നടത്തുകയായിരുന്നു. ഇത് രാഷ്ട്രീയ ഇടപെടൽ മൂലമല്ലെങ്കിൽ നക്കാപിച്ചക്ക് വേണ്ടിയാരുന്നെന്നു വേണം കരുതാൻ.

വസ്തു തർക്കം ഉൾപ്പടെയുള്ള സിവിൽ കേസുകളിലെ ഉത്തരവ് നടപ്പിലാക്കേണ്ടത് കോടതികളിൽ നിന്നും എത്തുന്ന അമീനാണ്. അതുമല്ലെങ്കിൽ കോടതി ഉത്തരവ് നടപ്പിലാക്കാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടിരിക്കണം. അത് നെയ്യാറ്റിൻകര സംഭവത്തിൽ ഉണ്ടായിട്ടില്ല. അതിനാൽ തന്നെ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതരമായ തെറ്റാണ്. അവിടെ നിയമങ്ങൾ ലംഘിക്കപ്പെട്ട പോലീസ് കാട്ടിയത് കോടതിയുമായി ബന്ധപ്പെട്ട കേസിൽ നടത്തിയ അനധികൃത കൈകടത്തൽ കൂടിയാണ്. ഹൈക്കോടതി കേസ് പരിഗണിക്കുന്ന വിവരം അറിഞ്ഞിട്ടും, മുൻസിഫ് കോടതിയുടെ ഉത്തരവ് നടപ്പാക്കാൻ കോടതിയുടെ നിർദേശം ഇല്ലാതെ തന്നെ പോലീസ് ഇടപെടുകയായിരുന്നു. വസ്തു തർക്കവുമായി ബന്ധപെട്ടു ഈ മാസം 22 ന് രാജൻ ഹൈക്കോടതിയെ സമീപിച്ചിരുന്നതാണ്. 23 ന് ഹർജി പരിഗണിച്ച ഹൈക്കോടതി മുൻസിഫ് കോടതിയുടെ ഉത്തരവ് ജനുവരി 15 വരെ സ്റ്റേ ചെയ്യുകയാണ് ഉണ്ടായത്. എതിർ കക്ഷിയെ സ്പീഡ് പോസ്റ്റ് വഴി സ്റ്റേ വിവരം അറിയിക്കാനും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നതാണ്. രാജന്റെ കുടുംബത്തിന്റെ വാദം കേൾക്കാതെയുള്ള ഒരു എക്സ് പാർട്ടി വിധിയാണ് മുൻസിഫ് കോടതിയുടേതായി ഉണ്ടായിരുന്നത്. ഇത്തരം ഉത്തരവുകൾ പെട്ടെന്ന് നടപ്പാക്കുന്നത് കീഴ്വഴക്കമല്ല. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ എക്സിക്യൂഷൻ പെറ്റീഷൻ ഫയൽ ചെയ്ത്ആ ഉത്തരവ് കൂടി അനുകൂലമായി നേടിയെടുത്ത ശേഷം, സാഹചര്യങ്ങൾ അന്വേഷിച്ചു വിലയിരുത്തിയതിൽ പിന്നെ മാത്രമേ പോലീസ് സംരക്ഷണത്തോടെ കുടിയൊഴിപ്പിക്കാൻ ഏതൊരു കോടതിയും അനുമതി നൽകാറുള്ളൂ. നിയമങ്ങളിൽ ഇത്രകണ്ട് വിശദമായി പറഞ്ഞിരിക്കെയാണ് ഇതെല്ലാം പോലീസ് നെയ്യാറ്റിൻകരയിൽ മറികടന്നിരിക്കുന്നത്. രണ്ടു ജീവനുകളെ പരലോകത്തേക്ക് പറഞ്ഞയച്ചു രണ്ടു കുഞ്ഞു മക്കളെ അനാഥരാക്കിയിരിക്കുന്നത്. കഷ്ട്ടവും കൊടും ക്രൂരതയുമാണ് പോലീസ് ചെയ്തത്.

വള്ളിക്കീഴൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button