CinemaKerala NewsLatest News

ഞങ്ങളുടെ വിഷമങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഈ കത്ത്; മുഖ്യമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച്‌ നടന്‍ ജിഷിന്‍

കൊവിഡ് കാലത്ത് വരുമാനം നിലച്ച ഒരുപാടാളുകള്‍ ഉണ്ട്. അത്തരത്തില്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് സീരിയല്‍ താരങ്ങള്‍. ഷൂട്ടിംഗ് നിന്നതോടെ പലരുടെയും ജീവിതം വഴിമുട്ടി. ഈ മേഖലയിലുള്ളവരുടെ ബുദ്ധിമുട്ടികള്‍ ചൂണ്ടിക്കാണിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന് മെയില്‍ അയച്ചിരിക്കുകയാണ് നടന്‍ ജിഷിന്‍ മോഹന്‍.

മുന്‍പോട്ടുള്ള ജീവിതം എങ്ങനെയായിരിക്കുമെന്നോര്‍ത്ത് ഉറക്കമില്ലാതെ കുറേ രാത്രികളാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം പറയുന്നു. ലോക്ക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഷൂട്ടിംഗ് പുനരാരംഭിക്കുവാന്‍ അനുവാദം നല്‍കണമെന്നാണ് ജിഷിന്റെ അഭ്യര്‍ത്ഥന.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഡിയര്‍ സാര്‍

ഞാനൊരു സീരിയല്‍ ആര്‍ട്ടിസ്റ്റ് ആണ്. പേര് ജിഷിന്‍ മോഹന്‍. എറണാകുളം ആണ് താമസം. എന്റെ ഭാര്യയും ഒരു സീരിയല്‍ ആര്‍ട്ടിസ്റ്റ് ആണ്. ഞങ്ങളുടെ ഏക വരുമാന മാര്‍ഗ്ഗം സീരിയല്‍ ആണ്. ഇത് ഞങ്ങളുടെ മാത്രം അവസ്ഥ അല്ല. ഞങ്ങളെപ്പോലുള്ള ഒട്ടനവധി കലാകാരന്മാരുടെ അവസ്ഥയാണ്. സിനിമാ താരങ്ങളെപ്പോലെ വലിയ പ്രതിഫലം സീരിയല്‍ താരങ്ങള്‍ക്ക് ലഭിക്കാറില്ല . ദിവസവേതനം എന്ന് തന്നെ പറയാം.

ഒന്നോ രണ്ടോ സീരിയല്‍ ചെയ്യുന്നുണ്ടെങ്കില്‍ ആ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്നവരാണ് ഭൂരിപക്ഷവും. പുറമെ ഉള്ളവര്‍ വിചാരിക്കുന്നത് പോലെ അതി സമ്ബന്നതയില്‍ ജീവിക്കുന്നവര്‍ അല്ല നമ്മളെപ്പോലുള്ള കലാകാരന്മാര്‍. ഒരു മാസം ഷൂട്ടിനു പോയാല്‍ കിട്ടുന്ന വരുമാനം കൊണ്ടാണ് അടുത്ത മാസത്തെ വാടക, ലോണിന്റെ തവണകള്‍, ഇവയെല്ലാം അടഞ്ഞു പോകുന്നത്. നീക്കിയിരുപ്പുകള്‍ ഒന്നും തന്നെ ഉണ്ടാകാറില്ല.

ഒരു ലോക്ക് ഡൗണിനെ എങ്ങനെയൊക്കെയോ അഭിമുഖീകരിച്ചു. അന്ന് ലോണ്‍ അടക്കാനും, വീട്ടു വാടക കൊടുക്കാനും പണയം വെച്ച സ്വര്‍ണ്ണം ഇതുവരെ തിരിച്ചെടുക്കാന്‍ സാധിച്ചില്ല. മുന്‍പോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നോര്‍ത്ത് ഉറക്കമില്ലാതെ കുറേ രാത്രികള്‍..

ഒരു സീരിയല്‍ കുടുംബം എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ മാത്രമല്ല. പ്രൊഡ്യൂസര്‍, ഡയറക്ടര്‍, ക്യാമറാമാന്‍ തുടങ്ങി പ്രോഡക്ഷനില്‍ ചായ കൊണ്ട് കൊടുക്കുന്ന പ്രൊഡക്ഷന്‍ ബോയ് വരെയുള്ളവരുടെ ജീവിതമാര്‍ഗ്ഗമാണ്. എല്ലാ തൊഴില്‍ മേഖലയിലുള്ളവരും അവരവരുടെ വിഷമ ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയമാണെന്ന് അറിയാം. എങ്കിലും ഞങ്ങളുടെ വിഷമങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഈ കത്ത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി കൊവിഡ് മാനദണ്ഡനങ്ങള്‍ പാലിച്ച്‌ ഷൂട്ടിംഗ് പുനരാരംഭിക്കുവാന്‍ അനുവാദം നല്‍കണം എന്ന് അപേക്ഷിക്കുന്നു.

എന്ന് വിനയപൂര്‍വ്വം,

ജിഷിന്‍ മോഹന്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button