ഡെൽഹിയിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് വീണ്ടും മരണം: ഡോക്ടർ ഉൾപ്പെടെയുള്ള 8 രോഗികൾ മരിച്ചു
ന്യൂ ഡെൽഹി: ഓക്സിജൻ ക്ഷാമത്തെ തുടർന്ന് വീണ്ടും ഡെൽഹിയിൽ ബത്ര ആശുപത്രിയിൽ ഒരു ഡോക്ടർ ഉൾപ്പെടെയുള്ള 8 രോഗികളാണ് മരിച്ചത്. മരിച്ചവരിൽ ആറ് പേർ ഐ.സിയുവിൽ ചികിത്സയിലിരുന്നവരും രണ്ട് പേർ വാർഡിലുമായിരുന്നു. ബത്ര ആശുപത്രിയിലെ ഗ്യാസ്ട്രോ യൂണിറ്റ് മേധാവി ഡോ. ആർ.കെ ഹിമതാനിയാണ് മരിച്ച ഡോക്ടർ.
ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം മൂലം രോഗികൾ മരിക്കുന്നത്. ആശുപത്രി അധികൃതർ ഡെൽഹി ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച 11.45 നാണ് ആശുപത്രിയിലെ ഓക്സിജൻ തീർന്നത്. എന്നാൽ ഓക്സിജൻ ടാങ്കറുകൾ ആശുപത്രിയിൽ എത്തിയത് ഏകദേശം 1.30 ന് ആണ്. അതീവ ഗുരുതരാവസ്ഥയിലുള്ള 230 തോളം രോഗികൾക്ക് ഒരു മണിക്കൂർ 20 മിനിട്ടോളം ഓക്സിജൻ ലഭിച്ചില്ല. തലസ്ഥാനത്തെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് ഡെൽഹി ഹൈക്കോടതി മാരത്തോൺ വാദം കേൾക്കുന്നതിനിടെയാണ് ആശുപത്രി അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു ജീവനും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഞങ്ങൾ കരുതുന്നു എന്നാണ് കോടതി ഇതിനോട് പ്രതികരിച്ചത്. എന്നാൽ സ്വന്തം ഡോക്ടർ ഉൾപ്പെടെ നിരവധി രോഗികളുടെ ജീവൻ നഷ്ടമായെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.
കൊറോണ ബാധിച്ചവരും അല്ലാത്തവരുമായ ആയിരക്കണക്കിന് രോഗികളുടെ ജീവൻ അപകടത്തിലാക്കുന്ന ഓക്സിജൻ ക്ഷാമം നേരിടുന്ന ഡെൽഹിയിലെ നിരവധി ആശുപത്രികളിൽ ഒന്നുമാത്രമാണ് ബത്ര.
വലിയ ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ വളരെ അത്യാവശ്യമാണെന്നും എല്ലാ ആശുപത്രികളും സ്വന്തമായി ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു. കേസിൽ വാദം തുടരുകയാണ്.