Kerala NewsLatest NewsLocal NewsNews

കോട്ടത്തറ ട്രൈബല്‍ ആശുപത്രി വെറും റഫറല്‍ ആശുപത്രിയെന്ന് ആരോപണം

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആദിവാസികള്‍ ആശ്രയിക്കുന്ന കോട്ടത്തറ ട്രൈബല്‍ ആശുപത്രി വികസനം അട്ടിമറിച്ചതായി ആരോപണം. രോഗികളെ റഫര്‍ ചെയ്യാനുള്ള പദ്ധതിയുടെ പേരില്‍ ആദിവാസി ക്ഷേമ ഫണ്ടില്‍ നിന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിക്ക് 12 കോടി രൂപയാണ് കൈമാറിയത്.

ഇതിന്റെ നാലിലൊന്ന് പണം ഉണ്ടായിരുന്നെങ്കില്‍ കോട്ടത്തറ ആശുപത്രിയില്‍ സിടി സ്‌കാന്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ വാങ്ങാമായിരുന്നെന്ന് കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസര്‍ തന്നെ പറയുന്നു. ഗര്‍ഭകാലത്ത് ഒന്ന് സ്‌കാന്‍ ചെയ്യണമെങ്കിലോ വിദഗ്ധ ചികിത്സ ആവശ്യമാണെങ്കിലോ രോഗികളെ പെരിന്തല്‍മണ്ണയ്‌ക്കോ തൃശൂരിലേക്കോ കോഴിക്കോടേക്കോ പറഞ്ഞയക്കും.

കോട്ടത്തറയിലെ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ സിടി സ്‌കാനോ എംആര്‍ഐ സ്‌കാനോ ഇല്ല. കുഞ്ഞുങ്ങള്‍ക്കായി ഐസിയു പോലുമില്ല. ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണിവിടെയുള്ളത്. ആദിവാസികളെ സഹായിക്കാനെന്ന പേരില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. എന്നാല്‍ എല്ലാം കടലാസില്‍ മാത്രം. ഇവിടെ നിന്ന് വിദഗ്ധ ചികിത്സ വേണ്ടവരെ പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യും.

ഇവിടെയില്ലാത്ത സ്‌കാനും മറ്റും അവിടെ നടത്തും. ആദിവാസി ക്ഷേമ വകുപ്പിന്റെ ഫണ്ടില്‍ നിന്ന് ഇതിനായി ചിലവിട്ടത് കോടിക്കണക്കിന് രൂപയാണ്. കഴിഞ്ഞ ജനുവരി 15ന് ചേര്‍ന്ന സഹകരണ വകുപ്പിന്റെ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ മിനുട്‌സില്‍ ഇക്കാര്യമുണ്ട്.

തുക തീര്‍ന്നതിനാല്‍ പദ്ധതി ഫെബ്രുവരിയിലവസാനിക്കുകയും ചെയ്തു. വീണ്ടും 18 കോടി അനുവദിക്കണമെന്ന അപേക്ഷയും ഇഎംഎസ് മെമ്മോറിയല്‍ ആശുപത്രി വച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയൊക്കെയായിട്ടും അട്ടപ്പാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗകര്യമൊരുക്കാന്‍ മാത്രം സര്‍ക്കാരിന് പണമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button