NationalNewsWorld

അമേരിക്കയും ജര്‍മ്മനിയും എതിർത്തു, രാജ്യാന്തരവേദിയില്‍ ഇന്ത്യക്കെതിരേ ഉള്ള നീക്കം പൊളിഞ്ഞു.

രാജ്യാന്തരവേദികളില്‍ ഇന്ത്യക്കെതിരേ പാകിസ്താനെ പിന്തുണച്ചു കൊണ്ടിരിക്കുന്ന ചൈനയുടെ നീക്കത്തിന് അമേരിക്കയുടെയും ജര്‍മനിയുടെയും ചുട്ട മറുപടി. കഴിഞ്ഞദിവസം കറാച്ചി ഓഹരിവിപണി ആസ്ഥാനത്തിനു നേരേയുണ്ടായ ആക്രമണത്തില്‍ ഇന്ത്യയെ പഴിക്കാനുള്ള ചൈന – പാക് നീക്കമാണു തകർന്നത്. ചൊവ്വാഴ്ച ചൈന കൊണ്ടുവന്ന പ്രമേയം ഉള്ളടക്കത്തില്‍ മാറ്റം വരുത്തി 24 മണിക്കൂറിനുശേഷം ആണ് അംഗീകരിക്കപ്പെട്ടത് .

ഐക്യരാഷ്ട്ര സംഘടനാ രക്ഷാ കൗണ്‍സിലില്‍ കറാച്ചി ആക്രമണത്തെ അപലപിക്കുന്ന പ്രമേയത്തിലൂടെ ഇന്ത്യയ്‌ക്കെതിരായ നീക്കമാണു ചൈനയും പാകിസ്താനും ലക്ഷ്യമിട്ടിരുന്നത്. കറാച്ചി ആക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും ആരോപിച്ചിരുന്നു. ഇതേ ആരോപണം ചൈനയും പാകിസ്താനും യു.എന്നിലെത്തിക്കുയായിരുന്നു. കറാച്ചി ആക്രമണത്തില്‍ അനുശോചനം പ്രകടിപ്പിച്ചും പാകിസ്താനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ചൈന തയാറാക്കിയ പ്രമേയത്തില്‍ ഇങ്ങനെ പറയുന്നു: ”നിന്ദ്യമായ ഈ ഭീകരാക്രമണത്തിനു പിന്നിലെ ഗൂഢാലോചകരെയും സംഘാടകരെയും സാമ്പത്തിക സഹായം നല്‍കിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത യു.എന്‍. രക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ അടിവരയിടുന്നു.

ഇതുസംബന്ധിച്ച്‌ രാജ്യാന്തരനിയമങ്ങളോടുള്ള പ്രതിബന്ധതയുടെയും രക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെയും അടിസ്ഥാനത്തില്‍ പാക് സര്‍ക്കാരുമായി സഹകരിക്കാന്‍ എല്ലാ അംഗരാജ്യങ്ങളോടും അഭ്യര്‍ഥിക്കുന്നു”. തുടര്‍ന്ന്, രക്ഷാ കൗണ്‍സില്‍ നടപടിപ്രകാരം, പ്രമേയം ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30(യു.എസ്. സമയം ചൊവ്വാഴ്ച വൈകിട്ട് നാല്) വരെ ”നിശബ്ദപരിഗണന”യ്ക്കു വിട്ടു. ആ സമയത്തിനുള്ളില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെങ്കില്‍ പ്രമേയം പാസായതായി കണക്കാക്കും. എന്നാല്‍, വൈകിട്ട് കൃത്യം നാലു മണിക്ക് ജര്‍മനി തടസവാദമുന്നയിച്ചു. ആക്രമണത്തില്‍ ഇന്ത്യയെ പഴിച്ചുകൊണ്ടുള്ള പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നു ജര്‍മനി വ്യക്തമാക്കി. നാലുമണി പിന്നിട്ടെന്നു പറഞ്ഞ് ചൈനീസ് പ്രതിനിധി എതിര്‍ത്തെങ്കിലും സമയം നീട്ടി നല്‍ക്കുകയായിരുന്നു.

പ്രമേയം ഇന്ത്യന്‍ സമയം ബുധനാഴ്ച വൈകിട്ട് 7.30 വരെ ജര്‍മനി നീട്ടിയെടുത്തു. എന്നാല്‍, അപ്പോഴാകട്ടെ അവസാനനിമിഷം എതിര്‍പ്പുമായി അമേരിക്കയെത്തി. ഇന്ത്യന്‍ സമയം രാത്രി 10.30 വരെയാണ് പ്രമേയം വൈകിപ്പിച്ചത്. അവസാനം, 24 മണിക്കൂറിനുശേഷം കറാച്ചി ഓഹരി വിപണി ആക്രമത്തെ യു.എന്‍. പ്രമേയത്തിലൂടെ അപലപിച്ചു. ”കറാച്ചിയില്‍ ജൂണ്‍ 29 നുണ്ടായ ആക്രമണത്തെ അപലപിക്കുന്നു. നിന്ദ്യമായ ആക്രമണത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു”- അവസാന പ്രമേയത്തിലുള്ളത് ഇത്രമാത്രം. എട്ട് പേരാണ് ആക്രമണത്തില്‍ കൊലപ്പെട്ടതെന്നാണു പാക് നിലപാട്. എന്നാല്‍, നിരവധിപ്പേര്‍ കൊല്ലപ്പെട്ടെന്ന പരാമര്‍ശമാണു പ്രമേയത്തിലുള്ളത്. പാകിസ്താന്റെ കണക്കുകള്‍ പോലും തള്ളിയത് അവരോടുള്ള അവിശ്വാസമായാണു നയതന്ത്ര വിദഗ്ധര്‍ ഇതിനെ വിലയിരുത്തുന്നത്. ഇക്കാര്യത്തിൽ ഇന്ത്യക്കെതിരായി പരോക്ഷ പരാമര്‍ശമെങ്കിലും കൊണ്ടുവരാണുള്ള ചൈന – പാക് നീക്കമാണ് ഇതോടെ പരാജയപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button