പാലക്കാട്ടെ കൊലപാതകം കണ്ട വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം കണ്ട വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. മരുത റോഡ് സ്വദേശി രാമു (56) ആണ് മരിച്ചത്. കൊലപാതകത്തിന് രാമു സാക്ഷിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകത്തിന് മറ്റ് സാക്ഷികളും ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. സഞ്ജിത്തിനെ വെട്ടിക്കൊന്ന സ്ഥലത്ത് രക്തം തളംകെട്ടി കിടക്കുകയായിരുന്നു. ധാരാളം ആള്‍ക്കാര്‍ കൊലപാതകം നടന്നപ്പോള്‍ ഈ സ്ഥലത്തുണ്ടായിരുന്നു.
ക്രൂരമായ കൊലപാതകം കണ്ട രാമു കുഴഞ്ഞു വീഴുകയായിരുന്നു. കൊലപാതകം രാമു നേരിട്ട് കണ്ടിരുന്നെന്ന് മറ്റു ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുഴഞ്ഞുവീണ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാമു ഉള്‍പ്പെടെ മൂന്നു പേര്‍ കൊലപാതകത്തിന് സാക്ഷികളാണെന്നാണ് പോലീസിന് കിട്ടിയ വിവരം. കാറില്‍ നിന്നിറങ്ങിയ കൊലപാതകികള്‍ വാളെടുത്ത് സഞ്ജിത്തിനെ വെട്ടുന്നത് രാമു കണ്ടു എന്നാണ് മറ്റ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സഞ്ജിത്തിന്റെ വാഹനത്തിന് തൊട്ടുപിന്നാലെ വന്ന ഒരു ഡോക്ടറും കൊലപാതകത്തിന് സാക്ഷിയാണെന്നാണ് പ്രാഥമിക വിവരം.
മറ്റൊരു സ്‌കൂള്‍ വാന്‍ ഡ്രൈവറും സംഭവത്തിന് സാക്ഷിയാണ്. ഇവരുടെ മൊഴികളും പോലീസ് ശേഖരിക്കുന്നുണ്ട്. സഞ്ജിത്തിന്റെ ഭാര്യയും കൊലപാതകത്തിന് സാക്ഷിയാണ്. ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയുടെ മൊഴി എടുക്കാറായിട്ടില്ലെന്നും പോലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവികള്‍ പരിശോധിക്കുന്നുണ്ട്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
എട്ടു സംഘങ്ങളായി ജില്ലയുടെ വിവിധ ഭാഗത്ത് പരിശോധന നടത്തുന്നതായും പോലീസ് പറയുന്നു. കൊലപാതകികള്‍ സഞ്ചരിച്ച കാറ് പാലക്കാട് ഹൈവേ ഭാഗത്തേക്കാണ് നീങ്ങിയതെന്നാണ് സാക്ഷി മൊഴി. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്. അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ലെന്നും പാലക്കാട് എസ്പി ആര്‍. വിശ്വനാഥ് വ്യക്തമാക്കി. കൊലപാകത്തില്‍ പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലത്തില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.